വിതുര ∙ വനത്തിനുള്ളിൽ നിന്ന് മരം മുറിച്ചു കൊണ്ടു പോകാനായി വനംവകുപ്പ് തോട് നികത്തി റോഡ് നിർമിച്ചതായി പരാതി. കരിപ്പാലം കാരികുറുമ്പ് ആദിവാസി ഉന്നതിയിലാണ് സംഭവം. വനത്തിൽ നിന്നും മുറിച്ച മരത്തടികൾ പുറത്തേക്ക് എത്തിക്കുന്നതിനായി മണ്ണും തടികളും നിരത്തി തോട് നികത്തിയാണ് താൽക്കാലിക റോഡ് നിർമിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. കരമന നദിയിലേക്ക് ഒഴുകിയെത്തുന്ന തോടാണ് പൂർണമായും നികത്തിയത്. ഒരു മാസത്തിനുള്ളിൽ മരം മുറി പൂർത്തിയാക്കണമെന്ന കരാറുണ്ടെങ്കിലും ഇതിനായി സ്വീകരിച്ച നടപടി പ്രദേശത്തിന്റെ പ്രകൃതി സമത്വത്തെയും ജന ജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയാണെന്നാണ് ആക്ഷേപം. മഴക്കാലത്ത് ജല നിരപ്പ് ഉയരുമ്പോൾ തോട് അടഞ്ഞു കിടക്കുന്നതോടെ വെള്ളം കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലയിലേക്കും കയറാൻ സാധ്യതയുണ്ട്.
വർഷങ്ങളായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളോ ആവശ്യമായ വികസന പദ്ധതികളോ കാര്യമായി ലഭിക്കാത്ത ജനതയ്ക്കു ഈ ദുരിത സാധ്യത തിരിച്ചടി ആയിരിക്കുകയാണ്. തോടിന് മറുകരയിൽ താമസിക്കുന്ന കുടുംബങ്ങൾ പ്രധാന റോഡിലേക്കും ജംക്‌ഷനുകളിലേക്കും എത്താൻ ഈ തോട് കടക്കണം. ഇവിടെ ഒരു പാലമോ കലുങ്കോ നിർമിക്കണമെന്ന ആവശ്യം ഗ്രാമസഭകളിലും പഞ്ചായത്തിലും വനം വകുപ്പിലും പലതവണ ഉന്നയിച്ചെങ്കിലും അനുമതി ഫലമുണ്ടായില്ല.
രോഗികളെയും വയോധികരെയും ആശുപത്രിയിൽ എത്തിക്കുന്നത് വലിയ വെല്ലുവിളിയാണ്. മരത്തിൽ പ്രത്യേക ചുമട്ടു പലക ഒരുക്കി ചുമലിലേറ്റിയാണ് പലപ്പോഴും രോഗികളെ തോടിന് അക്കരെ എത്തിക്കുന്നത്. തോട് നികത്തിയതോടെ ഈ വഴി വാഹനം എത്തുമെന്നത് ആശ്വാസകരമാണ്. എന്നാൽ തോട്ടിൽ വെള്ളം ഉയർന്നാൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഉന്നതി വാസികൾ ഒന്നടങ്കം നേരിടണം. വിഷയത്തിൽ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.