തിരുവനന്തപുരം: വഖഫ് ബോർഡിനെതിരായ ഹർജിയിൽ ഹൈക്കോടതിയിൽ സർക്കാർ ബിജെപിയെ തുണച്ചത് മുഖ്യമന്ത്രി വി ഡി സതീശന്റെയും വഖഫ് മന്ത്രി എൻ ഷംസുദ്ദീന്റെയും അറിവോടെ. ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ട് തയാറാക്കിയത് അതിവേഗത്തിലും. ന്യൂനപക്ഷങ്ങൾക്കെതിരായ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കാൻ സർക്കാർ അസാധാരണ ധൃതി കാണിച്ചതായി പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. അവ ശരിവയ്‌ക്കുന്നതാണ് ഫയൽ സഞ്ചരിച്ച വേഗത.
മുഖ്യമന്ത്രിയുടെ കീഴിലുള്ള റവന്യൂ എഫ് വിഭാഗമാണ് അഡ്വക്കറ്റ് ജനറലിന് കൈമാറാനുള്ള നോട്ട് തയാറാക്കിയത്. മുഖ്യമന്ത്രി വി ഡി സതീശന്റെ കീഴിലുള്ള നിയമവകുപ്പാണ് നോട്ട് പരിശോധിച്ച് എജിയുടെ ഓഫീസിന് കൈമാറിയത്. ഇൗ നോട്ടിൽ ലീഗ് നിയമിച്ച സ്‌പെഷ്യൽ ഗവ. പ്ലീഡർ പി എം സനീർ കൗണ്ടർ ഒപ്പിട്ടിട്ടുണ്ട്. അദ്ദേഹമാണ് ഇവ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ആർഎസ്‌എസ് ബന്ധം ആരോപിക്കപ്പെട്ട എജി ജാജു ബാബുവാണ് കോടതിയിൽ ബിജെപി സംസ്ഥാന വൈസ്‌പ്രസിഡന്റിന്റെ ഹർജിയെ പിന്തുണച്ച് വാദിച്ചത്. ഇതോടെ ആർഎസ്‌എസ് അജൻഡ വിജയിപ്പിക്കാൻ സർക്കാർ തലത്തിൽ നടന്ന വൻ ഗൂഢാലോചനയാണ് വെളിപ്പെട്ടത്.
ജൂലൈ 15നാണ് വഖഫ് ബോർഡ് വിഷയത്തിൽ ഹൈക്കോടതിയിൽ ബിജെപി അനൂകൂല നിലപാട് സർക്കാർ സ്വീകരിക്കുന്നത്.
അതിന് തൊട്ടുമുന്പ് 14നാണ് റവന്യു എഫ് വിഭാഗം ഹർജിക്കാരന് അനുകൂലമായ പ്രസ്‌താവന തയാറാക്കിയത്. അണ്ടർ സെക്രട്ടറി ബി പുഷ്‌പവല്ലി ഒപ്പുവച്ച ഇൗ പ്രസ്‌താവന നിയമവകുപ്പും കണ്ട് എക്‌സ്‌പ്രസ് വേഗത്തിൽ എജിയുടെ ഓഫീസിലെത്തി. ലീഗുകാരനായ സ്‌പെഷ്യൽ ഗവ.പ്ലീഡർ സനീറിനെ തുടർന്നുള്ള കാര്യങ്ങൾക്ക് ചുമതലപ്പെടുത്തുകയും അന്നുതന്നെ ഹൈക്കോടതിയിൽ പ്രസ്‌താവന എത്തിക്കുകയും ചെയ്തു. 15ന് ഹർജിക്കാരന് അനുകൂല വിധി പ്രസ്‌താവിച്ചു.