സിനിമകളിൽ ഒരു മിന്നായം പോലെ വന്നു മറഞ്ഞ സുന്ദരികള്‍ ഇപ്പോള്‍ എവിടെ

കേവലം ഒരു നോട്ടം കൊണ്ട് ഒരു കാലഘട്ടത്തെ കീഴടക്കുക. സിനിമയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തൃശൂര്‍ സ്വദേശിനി പ്രിയാ വാരിയര്‍ എന്ന നടി. ഒരു വിഡിയോ ഗാനത്തിലെ നിമിഷ നേരം മിന്നിമറയുന്ന വെറുമൊരു നോട്ടം കൊണ്ട് പ്രിയ രാജ്യാന്തരതലത്തില്‍  ശ്രദ്ധനേടി. പ്രിയയെ നായികയാക്കി സിനിമയെടുക്കാന്‍ ബോളിവുഡ് താരങ്ങള്‍ വരെ മത്സരിച്ചു. ഒരു സമുദ്രത്തിന്റെ ആഴവും പരപ്പും ഒരു തുളളി ജലത്തിലേക്ക് ആവാഹിക്കുന്ന പോലെയായിരുന്നു ആ നോട്ടം.

മണവാളന്റെ പുലിവാല്‍ നോട്ടം

എന്നാല്‍ അതിനൊക്കെ മുന്‍പ് ഈ വിധം മലയാളികളുടെ മനസ് കയ്യിലെടുത്ത ഒരു നോട്ടമുണ്ട്. ജയസൂര്യയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ‘പുലിവാല്‍ കല്യാണം’ എന്ന സിനിമയില്‍ സലിംകുമാര്‍ അവതരിപ്പിക്കുന്ന മണവാളന്‍ എന്നൊരു കഥാപാത്രമുണ്ട്. ”ഗുജറാത്തി കാല്‍ത്തളകെട്ടി..”. എന്ന ഗാനരംഗത്തില്‍ ആള്‍ക്കൂട്ടത്തിനിടിയില്‍ സലിംകുമാര്‍ ആരെയോ കണ്ണ് വെട്ടിച്ച് നോക്കുന്നതും ഒടുവില്‍ തീരെ പ്രതീക്ഷിക്കാതെ ഒരു സുന്ദരി പെണ്‍കുട്ടിയുടെ അരികില്‍ വന്നിരിക്കുന്നു. ഡയലോഗുകളില്ലാതെ മുഖത്തെ ഭാവവ്യതിയാനങ്ങള്‍ കൊണ്ട് മാത്രം തിയറ്ററില്‍ ചിരി പടര്‍ത്തിയ സീന്‍. അന്ന് മണവാളന്റെ മനസ് കീഴടക്കിയ ആ ക്രഷിനെ ഇന്നും സിനിമാ പ്രേമികള്‍ മറന്നിട്ടില്ല.

എന്നാല്‍ ആ മുഖത്തിന് പിന്നിലെ വ്യക്തിയുടെ വിശദാംശങ്ങള്‍ 23 വര്‍ഷത്തോളമായി അജ്ഞാതമായി തുടരുകയായിരുന്നു. ഇപ്പോള്‍ ആ ആകാംക്ഷയ്ക്ക് വിരാമമായി. സജിത പാര്‍വതി എന്നാണ് ആ സുന്ദരിയുടെ പേരെന്ന് സമൂഹമാധ്യമങ്ങളിലൂടെ കണ്ടെത്തി.

ഈ വിധത്തില്‍ അപ്രധാന രംഗങ്ങളില്‍ വന്ന് തിളങ്ങിയ ശേഷം പെട്ടെന്ന് മാഞ്ഞുപോയ അനവധി പേരുണ്ട്. അവരിലൊരാളാണ് മിനി അഗസ്റ്റിന്‍. ‘കാക്കകറുമ്പന്‍’ എന്ന ചിത്രത്തില്‍ നടന്‍ കൊച്ചുപ്രേമന്റെ അവിഹിത സുന്ദരി എന്നാണ് സമൂഹമാധ്യമങ്ങള്‍ അവരെ വിശേഷിപ്പിക്കുന്നത്. ചിത്രത്തില്‍ അതിസുന്ദരിയായ ഈ കഥാപാത്രത്തിന്റെ ഭര്‍ത്താവ് വിദേശത്താണ്. ഈ തക്കം നോക്കി അവരുടെ വീട്ടില്‍ പതിവായി വന്ന് പോകുന്ന ഒരു വിരുതനാണ് കൊച്ചുപ്രേമന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. വെളുപ്പാന്‍കാലത്ത് തലയില്‍ മുണ്ടിട്ട് ഒരു കളളനെ പോലെ ചുറ്റും നോക്കി ആരും കാണാതെ നടന്ന് മറയുന്ന കഥാപാത്രം. അന്നും ഇന്നും ചര്‍ച്ച മറ്റൊന്നാണ്. നായികമാരേക്കാള്‍ ഭംഗിയുളള ഈ കുട്ടിയെ എന്തിന് ഇത്ര ചെറിയ വേഷത്തില്‍ കൊച്ചുപ്രേമനെ പോലെ പ്രായം ചെന്ന ഒരാളുടെ ജോഡിയാക്കി? ഇതെല്ലാം സംവിധായകന്റെ വിവേചനാധികാരത്തില്‍ പെട്ട കാര്യമാണെങ്കിലും പ്രേക്ഷകര്‍ക്ക് ആ കൊടും ചതി സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഒരുപാട് ആരാധകരുണ്ടായിരുന്നു ആ നടിക്ക്. നരിമാന്‍, ഉസ്താദ്, ഡ്രീംസ്, ചതുരംഗം, ഉദയം.. എന്നിങ്ങനെ വേറെയും സിനിമകളില്‍ ചെറുവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ശേഷം അവരെ കാണാതായി. വിദേശത്ത് എവിടെയോ കുടുംബമായി കഴിയുന്നു എന്ന് പറയപ്പെടുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് നായകന്റെ ജീവിതസഖിയായി

‘സ്വപ്നം കൊണ്ട് തുലാഭാരം’ എന്ന പടത്തില്‍ ശ്രുതികയും നന്ദനയുമായിരുന്നു നായികമാര്‍. എന്നാല്‍ കാണികളുടെ കണ്ണിലുടക്കിയത് ഇടയ്ക്ക് ഒരു മിന്നാമിനുങ്ങ് പോലെ വന്ന് പോകുന്ന മിനി മാത്യു എന്ന പെണ്‍കുട്ടിയാണ്. താരതമ്യേന അപ്രസക്ത കഥാപാത്രമാണെങ്കിലും വശ്യമായ ഒരു തരം സൗന്ദര്യമായിരുന്നു മിനിക്ക്. പിന്നീടും ചില സിനിമകളില്‍ ഇതുപോലെ ചെറിയ വേഷങ്ങളില്‍ വന്ന് അഭിനയത്തില്‍ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു അവര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ചില സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെട്ടെങ്കിലും ആളുകള്‍ വ്യാപകമായി തിരിച്ചറിയുന്ന തലത്തില്‍ വലിയ നടിയായി വളരാന്‍ കഴിഞ്ഞില്ല. ഒരാള്‍ക്ക് എത്ര രൂപഭംഗിയുണ്ടെങ്കിലും സിനിമയില്‍ ഉയര്‍ന്ന നിലയില്‍ എത്താന്‍ മികച്ച അഭിനയശേഷിയും ഭാഗ്യവും അത്യധ്വാനവും കൂടിയേ തീരൂ.

ഇതേ സിനിമയില്‍ തന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച നടിയാണ് വിദ്യ. കോളജ് വിദ്യാർഥിനികളില്‍ ഒരാളായിട്ടായിരുന്നു സുന്ദരിയായ വിദ്യ പ്രത്യക്ഷപ്പെട്ടത്. ഇന്നല്ലെങ്കില്‍ നാളെ നായിക നിരയിലേക്ക് എത്തിപ്പെടുമെന്ന് പലരും പ്രതീക്ഷിച്ച വിദ്യ പിന്നീട് ചില സിനിമകളില്‍ കുറെക്കുടി മെച്ചപ്പെട്ട വേഷങ്ങളില്‍ വന്നെങ്കിലും മുഖ്യധാരയില്‍ സജീവസാന്നിധ്യമായില്ല. ഒടുവില്‍ തമിഴ് സീരിയലുകളാണ് വിദ്യയിലെ നടിയെ പുറംലോകത്തിന് മുന്നിലെത്തിച്ചത്. വിദ്യയുടെ ഖ്യാതി പിന്നീട് മറ്റൊരു വിധത്തിലായിരുന്നു. സായികുമാറിന്റെ അനന്തിരവനും നിവേദ്യത്തിലെ നായകനുമായ വിനു മോഹനെ അവര്‍ വിവാഹം കഴിച്ചു.

ഹരിഹര്‍ നഗര്‍ തുണച്ചില്ല

‘ഇന്‍ ഗോസ്റ്റ് ഹൗസ്’ എന്ന പടത്തില്‍ തോമസുകുട്ടിയുടെ (അശോകന്‍ അവതരിപ്പിച്ച കഥാപാത്രം) ഭാര്യയായി അഭിനയിച്ച നന്ദന രവീന്ദ്രന്‍ ചിത്രത്തിലെ നായികയേക്കാള്‍ ആകര്‍ഷകമായ ഒരു മുഖത്തിന് ഉടമയായിരുന്നു. നായകന്‍മാരില്‍ ഒരാളുടെ ഭാര്യാ കഥാപാത്രമായിരുന്നെങ്കിലൂം കാര്യമാത്ര പ്രസക്തമായി അവര്‍ക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നന്ദന പിന്നീടും ചില സിനിമകളില്‍ മുഖം കാണിച്ചെങ്കിലും ഒരു കൈവിരലില്‍ എണ്ണാന്‍ പോലുമുള്ള സിനിമകളില്‍ പിന്നീട് നന്ദന അഭിനയിച്ചു എന്ന് തോന്നുന്നില്ല. രാഖി രവീന്ദ്രന്‍ എന്നായിരുന്നു ആദ്യകാലത്ത് അവരുടെ പേര്. പിന്നീട് നന്ദന എന്ന പേര് പരീക്ഷിച്ചു നോക്കിയെങ്കിലും അപ്പോഴും ഭാഗ്യം തെളിഞ്ഞില്ല. ജസീന്ത എന്ന കഥാപാത്രമായി ‘2 ഹരിഹര്‍ നഗറി’ലും ‘മഹാരാജാ ടാക്കീസ്’ എന്ന മുകേഷ് ചിത്രത്തിലും രാഖിയുണ്ടായിരുന്നു. കുറച്ചെങ്കിലൂം ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ഈ സിനിമകളിലായിരുന്നു.മോഹന്‍ലാല്‍ നായകനായ ‘ഫൊട്ടോഗ്രാഫര്‍’ എന്ന സിനിമയില്‍ നായികയേക്കാള്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു സുന്ദരിയുണ്ട്. എന്തേ കണ്ണന് കറുപ്പു നിറം എന്ന ഗാനരംഗത്തില്‍ ചില ഭാഗങ്ങളില്‍ വന്ന് പോകുന്ന പെണ്‍കുട്ടി. മജന്ത, നീല, വയലറ്റ് മൂന്ന്  നിറമുളള പാവാടയും ബ്ലൗസും മാറി മാറി ധരിച്ച് വരുന്ന ഈ പെണ്‍കുട്ടിയെ പിന്നീട് കാണുന്നത് ‘ബാബ കല്യാണി’ എന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിലാണ്. ‘കൈ നിറയെ വെണ്ണ തരാം..’ എന്ന് പാട്ട് സീനില്‍ കണ്ണനെ പാടിയുറക്കുന്ന അമ്മയായിട്ട്. ‘ഹലോ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ഈ നടിയുണ്ട്. പേരാമ്പ്ര സ്വദേശിയായ നടിയുടെ ംേപര് കീര്‍ത്തി നിര്‍മ്മല്‍. ഇപ്പോള്‍ വിവാഹിതയായി വിദേശത്താണ്.

Leave a Reply

Your email address will not be published. Required fields are marked *