സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി മർദിച്ചു, കോണ്ടം പാക്കറ്റുകൾ മുഖത്തേക്ക് വലിച്ചെറിഞ്ഞു

ഹൈദരാബാദ് ∙ നാഷനൽ പൊലീസ് അക്കാദമിയിലെ (എൻപിഎ) ഐപിഎസ് ട്രെയിനിക്കെതിരെ പൊലീസ് കേസ്. സഹപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും മർദിക്കുകയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിലാണ് കേസ്. ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെയാണ് ശിവരാംപള്ളിയിലെ അട്ടാപുർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. 30 വയസ്സുകാരിയായ സഹ ട്രെയിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജൂൺ 23 മുതൽ പ്രതി വാട്സാപ് വഴി അശ്ലീല സന്ദേശങ്ങൾ അയച്ചും മറ്റ് ട്രെയിനികളുടെ മുന്നിൽ വച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയും തന്നെ പീഡിപ്പിക്കുകയാണെന്ന് ഇവർ പരാതിയിൽ പറയുന്നു. മറ്റൊരു ട്രെയിനിയുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് വ്യാജപ്രചാരണം നടത്തി. അത് സമ്മതിക്കാൻ മാനസികമായി പീഡിപ്പിച്ചതായും പരാതിയിലുണ്ട്. ഫോൺ ബലമായി വാങ്ങി രഹസ്യങ്ങൾ ചോർത്തി. സമ്മതമില്ലാതെ സ്വകാര്യ വിഡിയോ പകർത്തി ഭർത്താവിന് അയച്ചുകൊടുത്ത് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതായും അവർ പരാതിയിൽ ആരോപിക്കുന്നു.

ജൂലൈ 9ന് തന്നെ തടഞ്ഞുവച്ച് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി. കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. കോണ്ടം പാക്കറ്റുകൾ മുഖത്തേക്ക് വലിച്ചെറിഞ്ഞു. മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ ലൈംഗിക അതിക്രമം, വധഭീഷണി, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളും ഐടി നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്താണ് അട്ടാപുർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *