കൊച്ചി ∙ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിൽ ബാലവേലയ്ക്കായി എത്തിക്കുന്ന കുട്ടികള്‍ ജോലി ചെയ്യുന്നത് 10 മുതൽ 12 വരെ മണിക്കൂർ വരെ. ഇതിന് ഇവർക്കു ലഭിക്കുന്നതാകട്ടെ മണിക്കൂറിന് 50 രൂപ മാത്രവും. അമിതലാഭം മുന്നിൽക്കണ്ട്, പ്രായപൂർത്തിയാകാത്ത കുട്ടികളെ ജോലി ചെയ്യിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഞായറാഴ്ച 9 കുട്ടികളെ മോചിപ്പിച്ച സംഭവം. കുട്ടികളെ കൊണ്ടുവരുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണെങ്കിലും ഇവർക്കു പിന്നിലുള്ളത് മലയാളി ഏജന്റുമാർ തന്നെയാണെന്നു പൊലീസ് പറയുന്നു. ഇന്നലെ കുട്ടികളെ കൊണ്ടുവന്നതിനു പിന്നിൽ പെരുമ്പാവൂർ സ്വദേശി തോമസ് ആണെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്.
ശനി വൈകിട്ട് ഏഴു മണിയോടെ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയ പട്ന–തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ട്രെയിനിലാണ് ബിഹാർ സരൺ, ഗോപാൽഗഞ്ച് സ്വദേശികളും ഏജന്റുമാരുമായ ഡബ്ല്യു.നാഥ്, സുനിൽ മണ്ഡൽ എന്നിവർ കുട്ടികളുമായി വന്നിറങ്ങിയത്. നേരത്തേ വിവരം കിട്ടിയിരുന്ന ആർപിഎഫ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടികളെ ചൈൽഡ്‍ലൈന് കൈമാറി. ഏജന്റുമാരെ ചോദ്യം ചെയ്തപ്പോഴാണ് മലയാളിയുടെ പങ്ക് വെളിപ്പെട്ടത്. പെരുമ്പാവൂർ ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കെത്തിയ ഇവരോട് ഒരു ഏജന്റാണ് കുട്ടികളെ കൊണ്ടുവരുന്ന കാര്യം നിർദേശിച്ചത്. തുടര്‍ന്ന് ഗോപാൽഗഞ്ച്, കോപ്പ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കുടുംബങ്ങളുമായി വിലപേശി കുട്ടികളെ ജോലിക്കു കൊണ്ടുവരികയായിരുന്നു. അഞ്ച് 14 വയസ്സുകാരും രണ്ട് 16 കാരും 15, 17 വയസ്സു വീതമുള്ള ഓരോ കുട്ടികളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഉവരെ ശിശുസംരക്ഷണ സമിതിയിലേക്കു മാറ്റിയ ശേഷം ബന്ധുക്കളുമായി സംസാരിച്ച് നാട്ടിലേക്കു തിരിച്ചയയ്ക്കും.
ബാലവേലയ്ക്കായി ഉത്തരേന്ത്യയിൽനിന്നു കുട്ടികളെ കൊണ്ടുവരുന്നത് പെരുമ്പാവൂരിൽ മുമ്പും ഉണ്ടായിട്ടുണ്ട്. ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, അസം എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായി കുട്ടികളെ എത്തിക്കുന്നത്. ഇങ്ങനെ കൊണ്ടുവന്നു ജോലി ചെയ്യിച്ചിരുന്ന എട്ടു കുട്ടികളെ സംസ്ഥാന തൊഴിൽ വകുപ്പ് പെരുമ്പാവൂരിലെ രായമംഗലം, പുല്ലുവഴി, കീഴില്ലം തുടങ്ങിയ സ്ഥലങ്ങളിലെ കമ്പനികളിൽനിന്ന് 2022ൽ കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയായെന്നു കാണിക്കാൻ കുട്ടികൾക്ക് വ്യാജ ഐഡി കാര്‍ഡുകൾ നൽകിയിരുന്നു.
പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാർ തന്നെയാണ് തങ്ങളുടെ നാട്ടിലെ ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ ഇവിടെ ജോലിക്കെത്തിക്കുന്നത്. ചെറുതെങ്കിലും നിത്യവരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ വീട്ടുകാർ കുട്ടികളെ ഏജന്റുമാർക്കൊപ്പം അയയ്ക്കുന്നു. 2023ലും ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് വാഴക്കുളം കീൻപടിയിലുള്ള ഒരു പ്ലൈവുഡ് കമ്പനിയിൽനിന്ന് 10 കുട്ടികളെ മോചിപ്പിച്ചിരുന്നു. 10 വയസ്സു മുതൽ 17 വയസ്സു വരെ പ്രായമുള്ള അസം സ്വദേശികളായിരുന്നു കുട്ടികൾ.
പ്രായപൂർത്തിയാകാത്തവരെ ജോലിക്കെടുക്കരുതെന്ന് പ്ലൈവുഡ് കമ്പനി നടത്തിപ്പുകാരുടെ അസോസിയേഷനുകൾ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇതു ലംഘിച്ച് കുട്ടികളെ എത്തിക്കുന്നവർ വ്യാപകമാണ് എന്നാണ് പുതിയ സംഭവവും സൂചിപ്പിക്കുന്നത്. ഇതു മാത്രമല്ല, കുടുംബമായി ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാർക്കൊപ്പം കുട്ടികളും പലപ്പോഴും ജോലി സ്ഥലത്ത് എത്തുന്നത് അപകടത്തിന് കാരണമായിട്ടുണ്ട്. ഏതാനും വർഷം മുമ്പ് വെങ്ങോലയിൽ ഒരു പ്ലൈവുഡ് ഫാക്ടറിയിൽ വച്ച് ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ കുഞ്ഞ് മാലിന്യക്കുഴിയില്‍ വീണു മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്.