ദില്ലി: ദില്ലിയിൽ സിജെപി സമരത്തിനെതിരെ കടുത്ത നടപടിയുമായി പൊലീസ്. സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചു. സോനം വാങ് ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത വേദിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. ലാത്തി ചാർജ്ജ് നടത്തിയും ടിയർ ഗ്യാസ് പ്രയോഗിച്ചുമാണ് സമരക്കാരെ മാറ്റിയത്. സമരപ്പന്തലിലെ ഷീറ്റുകളടക്കം പൊളിച്ചുമാറ്റി. പ്രദേശമാകെ ദ്രുതകർമ സേനയെയും വിന്യസിച്ചു. അതേസമയം, നഗരത്തിൽ സമരം ശക്തിപ്പെട്ടതോടെ തലസ്ഥാന നഗരത്തിൽ സംഘർഷമുണ്ടായി.
ജന്തർ മന്തറിൽ വീണ്ടും സംഘർഷമുണ്ടാകുകയും സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് സമരക്കാരുടെ നീക്കം തടഞ്ഞു. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലാണ് മാർച്ച്. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. പാർലമെൻറ് മന്ദിരത്തിനടുത്തും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
പാർലമെൻറ് ഗേറ്റുകൾ അടച്ച് സുരക്ഷ കൂട്ടി. സമരം കടുത്തതോടെ ദില്ലിയിൽ കടുത്ത ജാഗ്രത നിർദേശം നൽകി. മെട്രോ സ്റ്റേഷനുകളിലും പ്രതിഷേധവുമായി സി ജെ പി പ്രവർത്തകൾ എത്തിയതോടെ മെട്രോ സ്റ്റേഷനുകൾ അടച്ചു. സമരം കടുത്തതോടെ പാർലമെൻ്റിൽ വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അമിത്ഷായെ കാണുന്നതായി റിപ്പോർട്ടുകൾ. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.