കോഴിക്കോട്: നഗരമദ്ധ്യത്തിലെ വീട്ടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ബന്ധു കസ്റ്റഡിയിൽ. പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവാണ് (38) കൊല്ലപ്പെട്ടത്. കേസിൽ കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ 22കാരനാണ് കസ്റ്റഡിയിലായതെന്നാണ് വിവരം.
പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ മുൻപ് മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബിജുവും ബന്ധുക്കളും ചേർന്നായിരുന്നു ബലമായി ആശുപത്രിയിൽ കൊണ്ടുപോയത്. ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ കയ്യിലെ പരിക്കും സിസിടിവി ദൃശ്യങ്ങളുമാണ് നിർണായകമായത്. ബിജുവിന്റെ ഫോണും സ്‌കൂട്ടറിന്റെ താക്കോലും മുറിയുടെ താക്കോലും ഇയാൾ കൈക്കലാക്കിയിരുന്നു. ബിജുവിന്റെ മൃതദേഹം ഞായറാഴ്‌ച പാളയത്തെ തറവാട് വീട്ടിലെത്തിച്ചപ്പോഴും 22കാരൻ അവിടെയെത്തിയിരുന്നു. അന്ന് കൈകളിലും മറ്റും പരിക്കുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
കൊലയ്ക്കു പിന്നിൽ ലഹരി സംഘമാണെന്ന കുടുംബത്തിന്റെ ആരോപണം പൊലീസ് മുഖവിലക്കെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. ബിജു താമസിച്ചിരുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പും നിർമാണത്തിലിരിക്കുന്ന കെട്ടിടവും കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ തമ്പടിച്ചിരുന്നു. ഇതിനെതിരെ ബിജു നിരന്തരം പ്രതികരിച്ചിരുന്നുവെന്നാണ് വിവരം. പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ലഹരി സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
തലയ്ക്ക് പിന്നിലും കഴുത്തിലുമേറ്റ ആഴത്തിലുള്ള മുറിവുകളാണ് ബിജുവിന്റെ മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. ശരീരത്തിൽ 45 മുറിവുകളും കഴുത്തിന് മുന്നിലും പിന്നിലുമായി 18 കുത്തുകളുമുണ്ട്. കറിക്കത്തി പോലുള്ള ആയുധം ഉപയോഗിച്ചാകാം കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.