അഭിജീത് ദീപ്കെയ്ക്ക് നേരെ സമരവേദിയിൽ മഷിയെറിഞ്ഞ് യുവതി: ‘നീല എന്റെ നിറമാണ്,​ജയ് ഭീം’ എന്ന് സിജെപി അദ്ധ്യക്ഷൻ

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് നേരെ മഷിയേറ്. അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു യുവതി ദീപ്കെയ്ക്ക് നേരെ നീല മഷി ഒഴിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ‘നീല എന്റെ നിറമാണ്,​ജയ് ഭീം’ എന്ന കുറിപ്പോടെ ദൃശ്യങ്ങൾ അഭിജീത് ദീപ്കെ എക്സിൽ പങ്കുവച്ചു.

 

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് സിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്. സമരത്തിന് പിന്തുണ നൽകിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അഭിജീത് ദീപ്കെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ദീപ്കെയുടെ സമീപത്തെത്തിയ യുവതി പെട്ടെന്ന് മഷി എറിഞ്ഞത്.

 

ഇതോടെ സമരവേദിയിൽ അല്പസമയം സംഘർഷാവസ്ഥ രൂപപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രതിഷേധക്കാർ യുവതിയെ തടഞ്ഞുനിർത്തുകയും തുടർന്ന് ഡൽഹി പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയുടെ വ്യക്തിവിവരങ്ങളോ ആക്രമണത്തിന് പിന്നിലെ കാരണമോ ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *