ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പുതിയ പോർമുഖം തുറന്ന് ഡൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിലെത്തി. പിന്തുണയുമായി വലിയ ജനക്കൂട്ടം ഇവിടെ എത്തിയിട്ടുണ്ട്. ഇത് പ്രദേശത്ത് സംഘർഷാന്തരീക്ഷം രൂപപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസിന്റെയും ഇന്ത്യാസഖ്യത്തിൽപ്പെട്ട പാർട്ടികളുടെയും എംപിമാർ സംഘത്തിലുണ്ട്. നീറ്റ് പരീക്ഷാ ചോദ്യക്കടലാസ് ചോർച്ചയ്ക്ക് പിന്നാലെ ജീവൻ നഷ്ടമായ വിദ്യാർഥികളെയും പ്രതിഷേധത്തിനിടെ പരിക്കേറ്റവരെയും അനുസ്മരിക്കാനാണ് ഗാന്ധി സ്മൃതിയിലേക്ക് പോകുന്നതെന്ന് രാഹുൽ പറഞ്ഞു.
ഇന്ന് വൈകുന്നേരം രാഹുലിന്റെ വസതിയിൽ പ്രതിപക്ഷ എംപിമാരുടെ യോഗം നടന്നിരുന്നു. യോഗം അവസാനിച്ചതിന് പിന്നാലെ തങ്ങൾ ഗാന്ധിസ്മൃതിയിലേക്ക് പോവുകയാണെന്ന് രാഹുൽ പ്രഖ്യാപിച്ചു. രാഹുലിന്റെ ഔദ്യോഗികവസതയിൽനിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ അകലെയാണ് ഗാന്ധിസ്മൃതി. എംപിമാർ സഞ്ചരിക്കുന്ന ബസ് കടത്തിവിടാതെ പോലീസ് വഴിയിൽ ബാരിക്കേഡുകൾ വെച്ച് തടസ്സം സൃഷ്ടിച്ചെങ്കിലും വാഹനം മുന്നോട്ടുനീങ്ങി ഗാന്ധിസ്മൃതിയിലേക്ക് എത്തുകയായിരുന്നു.