പശ്ചിമേഷ്യയിൽ നേരിയ ആശ്വാസം: ആക്രമണം നിറുത്തിവച്ച് യു.എസും ഇറാനും

ടെഹ്റാൻ: തുടർച്ചയായ പതിമൂന്ന് ദിവസത്തെ ഏറ്റുമുട്ടലുകൾക്ക് ഇടവേള. ശനിയാഴ്ചയും ഇന്നലെയും യു.എസ് തെക്കൻ ഇറാനിൽ ആക്രമണങ്ങൾ നടത്തിയില്ല. അതിനാൽ ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെ പ്രത്യാക്രമണവും നടത്തിയില്ല.

ആക്രമണം നിറുത്തിവയ്ക്കാനുള്ള ഔദ്യോഗിക വിശദീകരണം യു.എസ് നൽകിയിട്ടില്ല. യു.എസ് ബോംബിംഗ് നിലച്ചതിനാൽ പ്രത്യാക്രമണം നിറുത്തിയെന്ന് ഇറാൻ പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി നടത്തിയ ചർച്ചയിൽ നിർണായക പുരോഗതിയുണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ആക്രമണം നിറുത്തിയതിനെ തങ്ങളുടെ വിജയമായിട്ട് ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് ഇറാൻ.

അതേസമയം, ആക്രമണങ്ങൾ ഏതുനിമിഷവും പുനരാരംഭിച്ചേക്കാം. ഇന്നലെ ഹോർമുസ് കടലിടുക്കിൽ നേവൽ മൈനിൽ ഇടിച്ച് എണ്ണ ടാങ്കറിൽ സ്ഫോടനമുണ്ടായി. ടാങ്കറിന്റെ വിവരങ്ങൾ ലഭ്യമല്ല. തങ്ങളുടെ അനുവാദമില്ലാതെ സഞ്ചരിച്ച ടാങ്കറാണ് അപകടത്തിൽപ്പെട്ടതെന്ന് ഇറാൻ പറയുന്നു.കൂടാതെ, ചെങ്കടലിൽ സൗദി അറേബ്യൻ കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ ആക്രമണ ഭീഷണി നിലവിലുണ്ട്. ശനിയാഴ്ച സൗദിയിലെ ജിസാനിലും യാൻബുവിലും എണ്ണ റിഫൈനറികൾ ഹൂതി ആക്രമണം നേരിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *