ബെളഗാവി: മൂന്ന് പതിറ്റാണ്ടോളമായി അഴുക്കും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കെട്ടിടാവശിഷ്ടങ്ങളും മൂടിക്കിടന്ന മുന്നൂറോളം വർഷം പഴക്കമുള്ള അപൂർവ്വ പടവുകിണർ വീണ്ടെടുത്തു. കർണാടകയിലെ ബെളഗാവി ജില്ലയിലുള്ള മുത്ഗ ഗ്രാമത്തിലാണ് പ്രദേശവാസികളുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ്മയിലൂടെ ഈ നിർമിതി പുനരുദ്ധരിച്ചത്. മുകളിൽ നിന്നുള്ള കാഴ്ചയിൽ ശിവലിംഗത്തിന്റെ ആകൃതിയിലുള്ള ഈ അപൂർവ്വ പുരാതന നിർമിതി, വാസ്തുവിദ്യാ വിസ്മയമായും പാരമ്പര്യ ജലസംരക്ഷണ മാതൃകയായും ഇപ്പോൾ വൻ ജനശ്രദ്ധ ആകർഷിക്കുകയാണ്.
ബെളഗാവിയിലെ കാഞ്ച്വീർ നഗറിലാണ് കാലങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന ഈ പുരാതന കിണർ സ്ഥിതി ചെയ്യുന്നത്. നാളുകളായി വീടുകളിൽ നിന്നുള്ള അവശിഷ്ടങ്ങളും അഴുക്കുചാലുകളും മണ്ണും മൂടി പൂർണ്ണമായി കാണാതായ അവസ്ഥയിലായിരുന്നു ഇത്. എന്നാൽ, ബെളഗാവി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പ്യാസ് ഫൗണ്ടേഷൻ’, എൻ.എസ്.എസ് വളണ്ടിയർമാർ, പ്രാദേശിക ജനങ്ങൾ എന്നിവർ ചേർന്ന് സാമൂഹിക പ്രവർത്തകനായ നിതിൻ ഖോട്ടിന്റെ സഹായത്തോടെ നടത്തിയ ബൃഹത്തായ ശുചീകരണ യജ്ഞത്തിലൂടെയാണ് ഈ പുരാതന നിർമിതി പഴയരൂപത്തിലേക്ക് തിരികെയെത്തിയത്.
അഴുക്കും കൂറ്റൻ മാലിന്യക്കൂമ്പാരങ്ങളും മാറ്റിയപ്പോൾ താഴെ തെളിഞ്ഞത് 80 അടിയോളം ആഴമുള്ള, കല്ലിൽ കൊത്തിയെടുത്ത അതിമനോഹരമായ 53 പടവുകളുള്ള ഒരു കൂറ്റൻ പടവുകിണറായിരുന്നു. കിണറിന്റെ അടിത്തട്ടിലെ അഴുക്ക് നീക്കം ചെയ്തതോടെ യുഗങ്ങളായി അടഞ്ഞുകിടന്ന സ്വാഭാവിക ഉറവകൾ പൊട്ടുകയും, ശുദ്ധജലം കിണറ്റിലേക്ക് തിരികെ എത്തുകയും ചെയ്തു. കൽത്തൂണുകളും കൊത്തുപണികളുള്ള ആർച്ചുകളും ഇന്നും കേടുപാടുകളില്ലാതെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
സാധാരണ പടവുകിണറുകളിൽ നിന്ന് വ്യത്യസ്തമായി, ഈ കിണറിന് വൻ ജനശ്രദ്ധ നേടിക്കൊടുത്തത് ഇതിന്റെ വേറിട്ട ആകാശക്കാഴ്ചയാണ്. മുകളിൽ നിന്ന് നോക്കുമ്പോൾ കൃത്യമായി ഒരു ശിവലിംഗത്തിന്റെ ആകൃതിയിലാണ് കിണറിന്റെ പടവുകളും ജലാശയവും വിന്യസിച്ചിരിക്കുന്നത്. നിർമാണ ശൈലി അടിസ്ഥാനമാക്കി, ഇത് പതിനേഴാം നൂറ്റാണ്ടിലെ ആദിൽ ഷാഹി ഭരണകാലത്തോ, ആദ്യകാല മറാഠാ ഭരണകാലത്തോ നിർമിക്കപ്പെട്ടതാണെന്ന് ചരിത്രകാരന്മാർ പറയുന്നു.
സ്വാതന്ത്ര്യസമര കാലത്ത് വിപ്ലവകാരികൾക്ക് രഹസ്യമായി യോഗം ചേരാനുള്ള ഒളിത്താവളമായി ഈ കിണറിന്റെ അറകൾ ഉപയോഗിച്ചിരുന്നതായി പ്രദേശവാസികൾ പരമ്പരാഗതമായി വിശ്വസിക്കുന്നു. കർണാടകയിലെ ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ലെന്നും, ഇന്ത്യയിലുടനീളം ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലുള്ള പരമ്പരാഗത ജലസംരക്ഷണ സ്രോതസ്സുകൾ തിരിച്ചെടുക്കുന്ന വൻ പ്രസ്ഥാനം നടക്കുന്നുണ്ടെന്നും ആർട്ട് ഹിസ്റ്റോറിയൻ ഇന്ദ്രനീൽ ബാനർജി ചൂണ്ടിക്കാണിക്കുന്നു. രാജസ്ഥാനിലെ ജോധ്പൂരിലെ ചരിത്രപ്രസിദ്ധമായ പടവുകിണറുകൾ, ഗുജറാത്തിലെ ബറോഡ, ഹൈദരാബാദ്, മധ്യപ്രദേശിലെ ഗ്വാളിയോർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മുൻപ് മാലിന്യങ്ങൾ മൂടിക്കിടന്ന കിണറുകൾ വിജയകരമായി പുനരുദ്ധരിച്ചിട്ടുണ്ട്.
ഇന്ത്യയിൽ പടവുകിണറുകൾ വെറുമൊരു ജലസ്രോതസ്സ് മാത്രമല്ല, അത് അതത് കാലഘട്ടങ്ങളിലെ പ്രജകളുടെ നിലനിൽപ്പിന് ആവശ്യമായ പൊതുജനക്ഷേമ പദ്ധതികളായിരുന്നു. ഗുജറാത്ത്, ഡെക്കാൻ, മാർവാർ തുടങ്ങിയ ഭൂഗർഭജലനിരപ്പ് കുറവുള്ള വരണ്ട പ്രദേശങ്ങളിലാണ് ഇത്തരം നിർമിതികൾ കൂടുതലായി കാണപ്പെടുന്നത്. കുടിവെള്ള ലഭ്യത ഉറപ്പാക്കുക എന്നത് അക്കാലത്തെ ഭരണാധികാരികളുടെ പ്രധാന ചുമതലയായിരുന്നു. കൂടാതെ, ഇവയിൽ ഭൂരിഭാഗത്തിനും ക്ഷേത്രങ്ങളുമായും ആത്മീയ വിശ്വാസങ്ങളുമായും അടുത്ത ബന്ധമുണ്ടായിരുന്നു.
കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും രൂക്ഷമാകുന്ന പുതിയ കാലഘട്ടത്തിൽ, പ്രാചീന ഇന്ത്യയിലെ ഇത്തരം ജലസംരക്ഷണ മാർഗ്ഗങ്ങൾ വീണ്ടെടുക്കുന്നത് വലിയ പ്രാധാന്യമർഹിക്കുന്നു. ബെളഗാവിയിലെ ഈ വിസ്മയം ചരിത്ര സ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രധാനപ്പെട്ട ആകർഷണകേന്ദ്രമായി മാറിയിരിക്കുകയാണ്.