നെയ്യാറ്റിൻകര സ്കൂൾ വിദ്യാർത്ഥിനിയെ കാറിനുള്ളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കോവളം ചൊവ്വര സ്വദേശി കുഞ്ഞുമോനെ [ 44 ] നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ എം സുജ 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുവാനും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ അധികമായി മൂന്നുവർഷം കൂടെ ശിക്ഷ അനുഭവിക്കണം. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് നടന്നു പോയിക്കൊണ്ടിരുന്ന അതിജീവിതയെ അമ്മയുടെ പരിചയക്കാരനാണെന്ന്പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി തന്റെ കാറിൽ കയറ്റി കൊണ്ട് സ്കൂളിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി വണ്ടിക്കകത്ത് വെച്ച് പീഡിപ്പിച്ചത്. അതിജീവിത ക്ലാസ് ടീച്ചറിനോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ് അഡ്വക്കേറ്റ് വി ആർ മായാദേവി എന്നിവർ ഹാജരായി. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന ആർ സുധാകരൻപിള്ളയാണ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
11 വയസ്സുള്ള സ്കൂൾ വിദ്യാർഥിനിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ച പ്രതിക്ക് 20 വർഷംതടവ് ശിക്ഷ