ന്യൂഡൽഹി: സി.ജെ.പിയുടെ ജന്തർ മന്തർ സമരത്തിൽ ഭക്ഷണം വിളമ്പിയതിന് പൊലീസ് പീഡനം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ജുനൈദ് സുപ്രീംകോടതിയിൽ.
ഒരു മാസത്തിലേറെ നീണ്ട സമരത്തിൽ സ്വമേധയ എത്തിയാണ് ജുനൈദ് സമരക്കാർക്ക് എല്ലാ നേരവും ഭക്ഷണമുണ്ടാക്കി നൽകിയത്. സമരം അവസാനിച്ചതിനുപിന്നാലെ, ആറ് മണിക്കൂർ നേരം ഡൽഹി പൊലീസ് വാഹനത്തിൽ ഇരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം ഡറാഡൂൺ റോഡിൽ ഇറക്കിവിട്ടെന്ന് അദ്ദേഹം ഹരജിയിൽ ചൂണ്ടിക്കാട്ടി.
യു.പി പൊലീസ് ഗാസിയാബാദിലെ വീട് റെയ്ഡ് ചെയ്ത് തന്റെ പിതാവിനെ കസ്റ്റഡിയിലെടുത്തു. മീററ്റിലുള്ള സഹോദരിയുടെ വീട്ടിലെത്തി ഭർതൃപിതാവിനെയും ഭർതൃസഹോദരനെയും പിടിച്ചുകൊണ്ടുപോയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. പൊലീസ് നടപടി നിയമാനുസൃതമല്ലെന്ന് ആരോപിച്ച അദ്ദേഹം സുപ്രീംകോടതി ഇടപെടണമെന്നും തനിക്കും കുടുംബാംഗങ്ങൾക്കും പൊലീസിന്റെ ശത്രുതാ നടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കണമെന്നും അഭ്യർഥിച്ചു.
പെല്ലെറ്റ് ഉപയോഗിച്ചത് ഡി.സി.പിയുടെ നിർദേശപ്രകാരമെന്ന് രേഖകൾ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ജൂലൈ 20ന് നടത്തിയ പാർലമെന്റ് മാർച്ചിൽ പങ്കെടുത്തവർക്കുനേരെ റാപിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) പെല്ലെറ്റ് ഗൺ ഉപയോഗിച്ചത് ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ നേരിട്ടുള്ള നിർദേശപ്രകാരമാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകൾ പുറത്തുവന്നു.
പെല്ലെറ്റ് ഗൺ ഉപയോഗിച്ചെന്ന വാർത്തകൾ ഡൽഹി പൊലീസ് നിഷേധിച്ചതിന് പിന്നാലെയാണ്, പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പുലർച്ച 1.24ന് ആർ.എ.എഫ് നൽകിയ ജനറൽ ഡയറി (ജി.ഡി) എൻട്രി പുറത്തുവന്നത്.
ഡി.സി.പിയുടെ ഉത്തരവനുസരിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ആന്റി-റയറ്റ് തോക്കിൽ നിന്ന് പ്ലാസ്റ്റിക് പെല്ലെറ്റുകൾ അടങ്ങിയ രണ്ട് റൗണ്ട് ബാലിസ്റ്റിക് കാർട്രിഡ്ജുകൾ, 55 നോൺ-ഇലക്ട്രിക്കൽ ഷെല്ലുകൾ, 15 ഇലക്ട്രിക്കൽ ഷെല്ലുകൾ, അഞ്ച് കണ്ണീർ വാതക ഗ്രനേഡുകൾ എന്നിവ ആർ.എ.എഫ് ഡെപ്യൂട്ടി കമാൻഡന്റ് പ്രയോഗിച്ചതായി രേഖകളിൽ പറയുന്നു.
കേന്ദ്ര റിസർവ് പൊലീസ് സേനക്ക് (സി.ആർ.പി.എഫ്) കീഴിലുള്ള കലാപവിരുദ്ധ വിഭാഗമായ ആർ.എ.എഫിനെ ഡൽഹി പൊലീസിനൊപ്പം ജന്തർമന്തറിന് സമീപമാണ് വിന്യസിക്കപ്പെട്ടിരുന്നത്. പെല്ലെറ്റ് ഗൺ പ്രയോഗത്തിൽ സി.ആർ.പി.എഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെല്ലെറ്റ് ഗൺ പ്രയോഗത്തിൽ നാലു പേർക്കാണ് പരിക്കേറ്റത്. ഡൽഹി സർവകലാശാല വിദ്യാർഥിയായ 19 വയസ്സുകാരൻ സഹിൽ ലോചാബിന്റെ കണ്ണിലെ കൃഷ്ണമണിയിൽ പെല്ലെറ്റ് തുളച്ചുകയറിയതിനെ തുടർന്ന് വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.