ഗുരുവായൂർ : ക്ഷേത്രത്തിലെ ഉത്രാടക്കാഴ്‌ച കുല സമർപ്പണം ഭക്തിസാന്ദ്രമായി. മന്ത്രി കെ.മുരളീധരൻ ഉൾപ്പെടെ ഭക്തർ നിരവധി ഭക്തരാണ് കാഴ്‌ചക്കുല സമർപ്പിച്ചത്. രാവിലെ ശീവേലിക്കു ശേഷം ഏഴു മണിയോടെ സ്വർണക്കൊടിമരത്തിന് സമീപമായിരുന്നു ചടങ്ങ്. അരിമാവണിഞ്ഞതിന് മുകളിലെ നാക്കിലയിൽ മേൽശാന്തി തെക്കുംപറമ്പത്ത് മനയിൽ നാരായണൻ നമ്പൂതിരി ആദ്യ കുല സമർപ്പിച്ചു.പട്ടിൽ പൊതിഞ്ഞ ലക്ഷണമൊത്ത നേത്രക്കുലയാണ് മേൽശാന്തി സമർപ്പിച്ചത്.
ടർന്ന് ശാന്തിയേറ്റ കീഴ്‌ശാന്തിമാരായ കൊടക്കാട് കൃഷ്‌ണൻ നമ്പൂതിരി, കീഴേടം വാസുദേവൻ നമ്പൂതിരി, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ കുലകൾ സമർപ്പിച്ചു. മന്ത്രി കെ.മുരളീധരൻ, ദേവ സ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ,എം.യു. ഷിനിജ, ജില്ലാ കളക്‌ടർ ശിഖ സുരേന്ദ്രൻ, അഡ്‌മിനിസ്ട്രേറ്റർ എസ്. ഹരി ഗോപാൽ, ക്ഷേത്രം ഡി.എ. എം.രാധ, ഭരണ വിഭാഗം ഡി.എ-പ്രമോദ് കളരിക്കൽ എന്നിവരും കാഴ്‌ചക്കുലകൾ സമർപ്പിച്ചു.
തുടർന്ന് ഭക്തജനങ്ങളുടെ ഊഴമായിരുന്നു. നൂറുക്കണക്കിന് ഭക്തർ ഭഗവാന് കാഴ്ചക്കുല സമർപ്പിച്ചു ദർശനസായൂജ്യം നേടി. തിരുമുൽക്കാഴ്ചയായി ഭക്തർ സമർപ്പിച്ച കാഴ്‌ചക്കുലകളിൽ ഒരു ഭാഗം നാളെ തിരുവോണ സദ്യയുടെ വിശേഷ വിഭവമായ പഴംപ്രഥമന് ഉപയോഗിക്കും. ഒരു പങ്ക് ദേവസ്വത്തിലെ ആനകൾക്ക് നൽകിയശേഷം ബാക്കിയുള്ള കുലകൾ ഭക്തർക്ക് ലേലം ചെയ്തു. ഓണത്തിന് ജൻമിമാർക്ക് പാട്ടക്കുടിയാൻമാർ കാഴ്‌ചക്കുല സമർപ്പിച്ച് സന്തോഷിപ്പിച്ചിരുന്ന പഴയ കാലഘട്ടത്തിന്റെ ഓർമ്മയുണർത്തിയാണ് ഗുരുവായൂർ ക്ഷേത്രത്തിൽഇന്നും കാഴ്ച്ച കുല സമർപ്പണം നടത്തുന്നത്.
മുൻകാലങ്ങളിൽ ദേവസ്വം ഭൂമി പാട്ടത്തിനെടുത്ത് നടത്തിയിരുന്നവരാണ് കാഴ്‌ചക്കുല എത്തിച്ചിരുന്നത്. പാട്ടക്കുലകൾ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. പാട്ടഭൂമികൾ ഇല്ലാതായതോടെ ആ നിലയ്ക്കുള്ള കാഴ്‌ചക്കുലകളുടെ വരവ് നിലക്കുകയും ഭക്തർ കാഴ്‌ച കുല സമർപ്പിച്ച് തുടങ്ങുകയുമായിരുന്നു.