ട്രെയിൻ അടുത്തെത്തുന്നതിനിടെ യുവതി ചിരിച്ചുകൊണ്ട് സുഹൃത്തിനെ വലിച്ചടുപ്പിച്ചു; ഇരുവർക്കും ദാരുണാന്ത്യം

വാഷിംഗ്ടൺ: ന്യൂയോർക്കിലെ സബ്‌വേ സ്റ്റേഷനിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയായ യുവതിയും നേപ്പാൾ വംശജനായ സുഹൃത്തും മരിച്ചു. ന്യൂയോർക്കിലെ ലോവർ മാൻഹട്ടനിലെ സ്റ്റേഷനിലാണ് സംഭവം. ട്രാക്കിൽ ഇരിക്കുകയായിരുന്ന മലൈക ചിത്ര (24), സുഹൃത്ത് നവം കൗൾ (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരിൽ ഒരാൾ അബദ്ധത്തിൽ പാളത്തിലേക്ക് വീണതിനെ തുടർന്ന് മറ്റൊരാൾ സഹായിക്കാനായി പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടിയതാകാമെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അമേരിക്കയിൽ ഫാർമസ്യൂട്ടിക്കൽ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന ചിത്രയും ഡേറ്റ അനലിസ്റ്റായ നവം കൗളും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർത്ഥികളായിരുന്നു. ലോവർ മാൻഹട്ടനിലെ സബ്‌വേ സ്റ്റേഷനിൽ ട്രെയിൻ അടുത്തെത്തുന്നതിനിടെ യുവതി ചിരിക്കുന്നതും സുഹൃത്തിനെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഞൊടിയിടക്കുള്ളിൽ ട്രെയിൻ ഇരുവരെയും ഇടിക്കുന്നതും കാണാൻ സാധിക്കും. ഇവരിൽ ആരാണ് ആദ്യം പാളത്തിലേക്ക് വീണതെന്ന് വ്യക്തമായിട്ടില്ല. എന്നാൽ ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ട്രെയിനിലെ മൂന്നാമത്തെയും നാലാമത്തെയും കോച്ചുകൾക്ക് അടിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്പ്രിംഗ് സ്ട്രീറ്റ് സബ്‌വേ സ്റ്റേഷനിലെ ലോക്കൽ ട്രാക്കിലൂടെ ഡൗൺടൗൺ ഭാഗത്തേക്ക് പോകുകയായിരുന്ന നമ്പർ-4 ട്രെയിനാണ് ഇരുവരെയും ഇടിച്ചത്. ഞായറാഴ്ച പുലർച്ചെ 3.14നാണ് അപകടത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അപകടസമയത്ത് ട്രെയിനിൽ ഏകദേശം 100 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരെ പിന്നീട് സുരക്ഷിതമായി പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി.
രണ്ടു പേർ ട്രാക്കിൽ ഇരിക്കുന്നത് കണ്ടെന്നും എമർജൻസി ബ്രേക്ക് പ്രയോഗിക്കാൻ ശ്രമിച്ചിട്ടും ട്രെയിൻ നിർത്താൻ കഴിഞ്ഞില്ലെന്നും ട്രെയിൻ ഓപ്പറേറ്റർ മൊഴി നൽകിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ന്യൂജഴ്സിയിൽ താമസിക്കുന്ന രണ്ടുപേരും എന്തിനാണ് ഇവിടെ എത്തിയതെന്ന അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇവർ മദ്യപിച്ചിരുന്നോ എന്നും ആത്മഹത്യാ സാദ്ധ്യതയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എന്നാൽ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *