ശ്രീനഗർ: ജമ്മു കാശ്മീരിലെ ദക്ഷിണ കാശ്മീരിൽ ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് സ്വദേശികളായ രണ്ട് തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ ഭീകരർക്കായി സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കാശ്മീരിലെ കുൽഗാമിലും താഴ്‌വരയുടെ മറ്റ് ഭാഗങ്ങളിലും പൊലീസും സുരക്ഷാ സേനയും ചേർന്ന് പരിശോധനകൾ നടത്തിവരികയാണ്. വീണ്ടും ആക്രമണങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
അനന്ത്നാഗിലെ തിരക്കേറിയ മാർക്കറ്റിൽ പൊലീസ് ഉദ്യോഗസ്ഥനായ ആഷിഖ് ഹുസൈൻ ഖുറേഷി വെടിയേറ്റ് മരിച്ചതിന് തൊട്ടുപിന്നാലെയാണ് ദീപക്, ഭൂപേന്ദ്ര എന്നീ തൊഴിലാളികളും കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെയുണ്ടായ ആക്രമണങ്ങൾ കാശ്മീരിലെ സമാധാന അന്തരീക്ഷത്തെ തകർത്തിരിക്കുകയാണ്. രണ്ട് സംഭവങ്ങളിലും ആക്രമണത്തിന് ശേഷം ഭീകരർ രക്ഷപ്പെടുകയായിരുന്നു.
അനന്ത്നാഗ് ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റിന്റെ ഓഫീസിനു സമീപത്തുവച്ചാണ് എ.കെ47 തോക്കുകളുമായി എത്തിയ ഭീകരർ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒരാഴ്‌ചയ്ക്കിടെ 3,000ത്തിലധികം പേരെയാണ് സംശയാസ്‌പദമായി കസ്റ്റഡിയിലെടുത്തത്. എന്നാൽ കൂട്ട അറസ്റ്റുകൾ സാഹചര്യം കൂടുതൽ വഷളാക്കുമെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല മുന്നറിയിപ്പ് നൽകി.ചൂളകളിലും ആപ്പിൾ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലുമാണ് കാശ്മീരിലെ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച ഭീകരർ ആക്രമണം നടത്തിയ കെലാം മേഖലയിൽ മാത്രം ഇഷ്ടികച്ചൂളകളിൽ പണിയെടുക്കുന്ന രണ്ടായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്.
വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നാലെ, പൊലീസും സുരക്ഷാ സേനയും സുരക്ഷാ മുൻകരുതലുകൾ കർശനമായി പരിശോധിക്കണമെന്ന് ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ആവശ്യപ്പെട്ടു. ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ സുരക്ഷാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചത്.