ഇന്ത്യക്കാർക്ക് വൻ തിരിച്ചടി; പഠനശേഷം യുഎസിൽ ജോലി തുടരാൻ ഒരുലക്ഷം ഡോളർ ഫീസ്

ന്യൂഡൽഹി ∙ പഠനത്തിനു ശേഷം യുഎസിൽ ജോലി ചെയ്യാൻ താൽപര്യപ്പെടുന്ന വിദേശ വിദ്യാർഥികൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള യുഎസ് നീക്കം നടപ്പായാൽ ഏറ്റവുമധികം തിരിച്ചടിയുണ്ടാവുക ഇന്ത്യക്കാർക്ക്. എഫ്1 സ്റ്റുഡന്റ് വീസയിൽ യുഎസിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനശേഷം ‘ഓപ്ഷനൽ പ്രാക്ടിക്കൽ ട്രെയ്നിങ്’ (ഒപിടി) പദ്ധതിപ്രകാരം 3 വർഷം കൂടി തുടരാമെന്നതു വലിയ നേട്ടമായിരുന്നു.ഒപിടി കാലയളവ് കഴിഞ്ഞ് എച്ച്1ബി വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്യാമായിരുന്നു. ആദ്യ ട്രംപ് സർക്കാരിന്റെ കാലത്തും ഒപിടി എടുത്തുകളയാൻ പദ്ധതിയിട്ടിരുന്നതാണ്. ജോ ബൈഡൻ അധികാരത്തിലെത്തിയപ്പോൾ പദ്ധതി നിലനിർത്തി.

2024–25ലെ കണക്കനുസരിച്ചു യുഎസിൽ 3,63,019 ഇന്ത്യൻ വിദ്യാർഥികളുണ്ട്. ഒപിടി പദ്ധതിപ്രകാരം 1,43,740 ഇന്ത്യക്കാരുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.പഠനശേഷം വലിയ തുക നൽകി യുഎസിൽ തുടരാൻ എത്രപേർ തയാറാകുമെന്ന ആശങ്ക ഉയർന്നുകഴിഞ്ഞു. യുഎസിലെ പല സർവകലാശാലകളുടെയും പ്രധാന വരുമാനമാർഗം വിദേശ വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന ഉയർന്ന ഫീസാണ്. സിലിക്കൺ വാലിയിലെ ഐടി കമ്പനികളിൽ ജോലി ലക്ഷ്യമിട്ടു പഠനത്തിനായി യുഎസിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം ഇനി കുറയാനാണു സാധ്യത.

യുഎസ് സർവകലാശാലകളിൽ പഠനം പൂർത്തിയാക്കുന്ന വിദേശ വിദ്യാർഥികൾക്ക് തുടർന്ന് ജോലി ചെയ്യുന്നതിനുള്ള വീസ ലഭിക്കാൻ ഒരു ലക്ഷം ഡോളർ (ഏകദേശം 95 ലക്ഷം രൂപ) ഫീസ് ഏർപ്പെടുത്താൻ ട്രംപ് സർക്കാർ നടപടി തുടങ്ങി. എച്ച്1ബി വീസകൾക്ക് ഫീസ് ചുമത്താനുള്ള നിർദേശം യുഎസ് കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് പുതിയ നീക്കം.

ഓപ്ഷനൽ പ്രാക്ടിക്കൽ ട്രെയ്നിങ് (ഒപിടി) വീസകൾക്കാണ് ഉയർന്ന ഫീസ് ഏർപ്പെടുത്താൻ ആലോചിക്കുന്നതെന്ന് ‘വോൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. ഒപിടി പ്രോഗ്രാം അനുസരിച്ച്, വിദേശ വിദ്യാർഥികൾക്ക് പഠനശേഷം അതുമായി ബന്ധപ്പെട്ട ജോലികളിൽ 3 വർഷം വരെ സ്റ്റുഡന്റ് വീസയിൽ തന്നെ തുടരാം. ഏകദേശം 4.2 ലക്ഷം വിദേശികൾ ഇത്തരം വീസയിൽ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്.

ഒപിടി ഇല്ലെങ്കിൽ, മിക്ക വിദേശ വിദ്യാർഥികളും പഠനം കഴിഞ്ഞാലുടൻ യുഎസ് വിടേണ്ടിവരും. യുഎസിന് പുറത്തുനിന്ന് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം ഡോളറിന്റെ ബോണ്ട് ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്. ഇവർ യുഎസിലെത്തി പൗരത്വം നേടിയാൽ തുക തിരികെ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *