രാജേഷിന്റെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തും, മഴക്കെടുതിയിൽ നശിച്ച കടകൾക്കും ധനസഹായം

തിരുവനന്തപുരം: കല്ലിയൂർ സ്വദേശി രാജേഷിന്റെ വിയോഗം വേദനാജനകമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ നടത്തുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജേഷിന്റെ വീടുപണി പൂർത്തിയാക്കി നൽകാനും തീരുമാനമായെന്ന് അദ്ദേഹം അറിയിച്ചു.

 

‘മഴക്കെടുതിയിൽ ഇതുവരെ മരണം 26 ആയി. നാലുപേരെ കാണാതായി. നിലവിൽ 452 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 67.44 കോടിയുടെ കൃഷിനാശമുണ്ടായി. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ നൽകും. പൂർണമായി വീട് തകർന്നവർക്ക് ആറ് ലക്ഷം രൂപ നൽകും. മഴക്കെടുതിയിൽ നശിച്ച കടകൾക്ക് പതിനായിരം രൂപ നൽകും. ഓരോ കടയ്ക്കും പതിനായിരം വച്ചാണ് നൽകുന്നത്.

 

ഇതൊരു പുതിയ തീരുമാനമാണ്. 2018ൽ അവർക്ക് ധനസഹായം ലഭിച്ചിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപയാണ് നൽകുക. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള പുനർഗേഹം പദ്ധതി പുതുക്കും. അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ഫ്ലഡ് മാപ്പിംഗ് നടത്തും. നദികളിലെയും ഡാമുകളിലെയും അമിതമായ മണ്ണ്, മാലിന്യം, ചെളി എന്നിവ നീക്കം ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കാൻ ജലസേചന വകുപ്പിനും റവന്യൂ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം മണൽനീക്കിയാൽ തന്നെ പകുതിയോളം പ്രശ്നം കുറയും. ഡാം മാനേജ്മെന്റിന് ആധുനിക സംവിധാനം കൊണ്ടുവരും. മഴ മാറിയാൽ ഉടൻ പ്രവൃത്തി തുടങ്ങും. നദീതീര കയ്യേറ്റം കണ്ടെത്താൻ ലാൻഡ് ഓഡിറ്റിംഗ് വരും’- വി ഡി സതീശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *