തിരുവനന്തപുരം∙ കണ്ണൂര്‍ പുളിങ്ങോം മീന്തുള്ളി തുരുത്തില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങിമരിച്ച തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ സംസ്‌കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്നും രാജേഷിന്റെ വീടുപണി സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍. മന്ത്രിസഭായോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് കംപ്ലെയ്ന്റസ് അതോറിറ്റി ചെയര്‍മാനായി റിട്ട.ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനെ നിയമിച്ചു.
2026-27 സാമ്പത്തികവര്‍ഷത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിന്റെ ആദ്യഗഡുവായി 2029.15 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ മൂന്നാം ഗഡു നല്‍കാതിരുന്നതിനാല്‍ സ്പില്‍ഓവര്‍ പദ്ധതികളുടെ തുകയായി മുനിസിപ്പാലിറ്റികള്‍ക്ക് 136 കോടിയും കോര്‍പറേഷനുകള്‍ക്ക് 188 കോടിയും അധികമായി നല്‍കും. പാചകത്തൊഴിലാളികളുടെ വേതനത്തിനായി 44 കോടി അനുവദിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലവര്‍ഷക്കെടുതിയില്‍ 462 ക്യാംപുകളിലായി 27048 പേരാണുള്ളത്. 26 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നാലു പേരെ കാണാനില്ല. 1882 ഹെക്ടറില്‍ കൃഷിനാശം ഉണ്ടായി. 67.44 കോടി രൂപയുടെ നഷ്ടമാണിത്. 23537 കര്‍ഷകരെ ഇതു ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ ധനസഹായം നല്‍കും. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് ബന്ധപ്പെട്ടവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് 10000 രൂപ ധനസഹായം നല്‍കും. സംസ്‌കാര ചടങ്ങുകള്‍ക്കു 10000 രൂപ നല്‍കും. വീടുകള്‍ പൂര്‍ണമായി തകര്‍ന്നവര്‍ക്ക് 6 ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം നല്‍കും. ഒരു കുടുംബത്തിലെ റേഷന്‍കാര്‍ഡിലെ രണ്ടു പേര്‍ക്കു വച്ച് 300 രൂപ വീതം നല്‍കും. വീടുകളിലേക്കു തിരിച്ചു പോകാന്‍ കഴിയാത്തവര്‍ക്ക് വാടക നല്‍കാനും തീരുമാനിച്ചു. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം 25 ശതമാനം വര്‍ധിപ്പിച്ചു.
വെള്ളം കയറി കടകള്‍ നശിച്ചവര്‍ക്ക് 10000 രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നാശനഷ്ടമുണ്ടായ എംഎസ്എംഇകള്‍ക്ക് ഉള്‍പ്പെടെ വായ്പ പദ്ധതി നടപ്പാക്കും. ബാങ്കുകളുമായി സഹകരിച്ചു 12 ലക്ഷം രൂപ വരെ വായ്പ നല്‍കും. 25 ശതമാനം വരെയോ 3 ലക്ഷം വരെയോ മാര്‍ജിന്‍ മണിയായി സര്‍ക്കാര്‍ ബാങ്കിലേക്കു നല്‍കും. അതു വേണ്ടാത്തവര്‍ക്ക് വായ്പയുടെ 9 ശതമാനം പലിശ സര്‍ക്കാര്‍ നല്‍കും. വായ്പ എടുത്തിട്ട് അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് 9 ശതമാനം പലിശ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ 5 മുതല്‍ 8 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ചതു പോലെ ഇന്ത്യക്കു മാതൃകയായ തരത്തില്‍ ദുരന്തനിവാരണ പദ്ധതി നടപ്പാക്കും. കാലാവസ്ഥാ പ്രവചനത്തിനായി ലോകത്തുള്ള ഏറ്റവും ആധുനികമായ സങ്കേതങ്ങള്‍ ഉപയോഗിക്കും. അലര്‍ട്ട് സംവിധാനം മെച്ചപ്പെടുത്തും. ദുരന്തസാധ്യതാ പ്രദേശങ്ങളുടെ ഫ്‌ളഡ് മാപ്പിങ് നടത്തും. ഇതിന്റെ ഭാഗമായി ഡാമുകളിലെയും നദികളിലെയും മണലും ചെളിയും മാറ്റും. മഴ മാറിയാല്‍ തൊട്ടുപിന്നാലെ റവന്യു വകുപ്പും ജലസേചനവകുപ്പും ഇതു നടപ്പാക്കും. ഈ നടപടിയോടെ 50 ശതമാനത്തോളം പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.