ആനയെ തുരത്താൻ വനംവകുപ്പ് നിർമിച്ച ഒന്നര കിലോമീറ്റർ നീളമുള്ള കിടങ്ങ് വെള്ളക്കെട്ടായി

മുണ്ടക്കയം ∙ മലമുകളിൽ വനാതിർത്തിയിൽ കിടങ്ങിൽ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ മൂന്നാൾ താഴ്ചയിൽ വെള്ളം. താഴ്‌വാരത്തുള്ള 40 കുടുംബങ്ങൾ ഭീതിയിലാണ്. എരുമേലി പഞ്ചായത്തിലെ ഏഴാം വാർഡായ പാക്കാനം ഇഞ്ചക്കുഴിയിലാണ് ഇത്. കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ നാട്ടിലേക്ക് എത്തുന്നത് തടയാനാണു വാര്യാട്ട് കോളനി മുതൽ ഇഞ്ചക്കുഴി വരെ കിടങ്ങ് കുഴിച്ചത്. ഗ്രാമപ്രദേശത്തിന് മുകളിലായി കുന്നിൻചരിവിലുള്ള കിടങ്ങിൽ ലക്ഷക്കണക്കിന് ലീറ്റർ മഴവെള്ളമാണ് തടഞ്ഞത്. കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ കിടങ്ങ് നിറഞ്ഞൊഴുകിയെന്നു മുൻ പഞ്ചായത്തംഗം ജോമോൻ വാഴപ്പനാടി പറഞ്ഞു.

എംഎൽഎ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഒരിഞ്ച് വലുപ്പമുള്ള പൈപ്പ് സ്ഥാപിച്ച് വെള്ളം താഴേക്ക് ഒഴുക്കിത്തുടങ്ങി. പൈപ്പിലൂടെ ഒഴുകുന്നതിനെക്കാൾ ശക്തിയിൽ ഉറവവെള്ളം കിടങ്ങിലേക്ക് എത്തുന്നുണ്ടെന്നു നാട്ടുകാരനായ പാറയ്ക്കൽ വിശ്വംഭരൻ പറഞ്ഞു. കിടങ്ങ് നിർമിക്കാൻ പൊട്ടിച്ചുമാറ്റിയ കല്ലുകൾ ഉൾപ്പെടെ മലയുടെ മുകളിലുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന കിടങ്ങ് പൊട്ടിയാൽ വലിയ ദുരന്തമാകുമെന്നു നാട്ടുകാരനായ ചാലുപറമ്പിൽ രാജപ്പൻ പറഞ്ഞു.

വീട് വിട്ടുപോകേണ്ട അവസ്ഥ
കിടങ്ങിനു 400 മീറ്റർ താഴെ താമസിക്കുന്ന കുന്നപ്പള്ളി ജോസഫും മറിയാമ്മയും ദിവസങ്ങളായി ബന്ധുവീട്ടിലാണ് കഴിയുന്നത്. വെള്ളം പൊട്ടി ഒഴുകിയാൽ പ്രദേശത്തെ വീടുകൾ ഉൾപ്പെടെ നശിക്കുമെന്നതിനാൽ ശക്തമായ മഴ പെയ്യുന്ന സമയങ്ങളിൽ മറ്റുള്ളവരും സുരക്ഷിതസ്ഥലത്തേക്കു മാറേണ്ട സ്ഥിതിയാണ്. കിടങ്ങിലെ വെള്ളം വലിയ പൈപ്പുകൾ സ്ഥാപിച്ച് പുറത്തേക്ക് ഒഴുക്കിയാലേ പരിഹാരമാകൂവെന്ന് നാട്ടുകാരനായ പുളിക്കൽ ജോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *