ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രചരിച്ചതിനും, ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളിലും കമ്പനിയുടെ പ്ളാറ്റ്‌ഫോമുകളിലെ പോരായ്‌മകൾക്കും ക്ഷമാപണം നടത്തി മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. കേന്ദ്ര സർക്കാരുമായുള്ള ഉന്നതതല യോഗത്തിനിടെയായിരുന്നു ക്ഷമാപണം നടത്തിയത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ പരാമർശമില്ല.
പ്ലാറ്റ്‌ഫോമിന്റെ ഉത്തരവാദിത്തങ്ങൾ, ഉള്ളടക്കളുടെ നിയന്ത്രണം, ഇന്ത്യൻ നിയമങ്ങൾ പാലിക്കൽ എന്നിവ സംബന്ധിച്ചാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മെറ്റയുടെ ആഗോള നേതൃത്വവും തമ്മിൽ രണ്ട് ദിവസത്തെ യോഗം നടന്നത്. ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിലെ പിഴവുകളും പ്ളാറ്റ്‌ഫോമുകളിൽ ദോഷകരമായ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്തതും മെറ്റ കുറ്റസമ്മതം നടത്തി.
അതേസമയം, ഇൻഫർമേഷൻ ടെക്നോളജി ആക്ടിന് കീഴിൽ ഇടനിലക്കാർക്ക് ലഭ്യമാകുന്ന നിയമ പരിരക്ഷ മെറ്റയ്ക്ക് അവകാശപ്പെടാൻ കഴിയില്ലെന്ന് കേന്ദ്രം യോഗത്തിൽ വ്യക്തമാക്കി. ഏത് ഉള്ളടക്കമാണ് ആംപ്ലിഫൈ ചെയ്യേണ്ടതെന്നും ഉപയോക്താക്കൾക്ക് കാണിക്കേണ്ടതെന്നും മെറ്റയുടെ അൽഗോരിതമാണ് നിർണയിക്കുന്നത്. വിവരസാങ്കേതിക വിദ്യാ നിയമത്തിലെ സെക്ഷൻ 79 മെറ്റ പോലുള്ള പ്ലാറ്റ്‌ഫോമുകളെ മൂന്നാം കക്ഷി ഉള്ളടക്കത്തിന്റെ ബാദ്ധ്യതയിൽ നിന്ന് സംരക്ഷിക്കുന്നു. കോടിക്കണക്കിന് ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന ഓരോ ഉള്ളടക്കവും സോഷ്യൽ മീഡിയ കമ്പനികൾക്ക് പ്രായോഗികമായി നിരീക്ഷിക്കാൻ കഴിയില്ലെന്ന് വ്യവസ്ഥ അംഗീകരിക്കുന്നു. കോടതികളോ അംഗീകൃത സർക്കാർ ഏജൻസികളോ നിർദ്ദേശിക്കുമ്പോൾ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുമ്പോൾ ഇത്തരം പ്ളാറ്റ്‌ഫോമുകൾ പ്രോസിക്യൂഷനിൽ നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.