അറസ്റ്റ് ചെയ്യുമ്പോൾ കാരണം രേഖാമൂലം അറിയിക്കണം; മനസിലാകുന്ന ഭാഷയിലും വേണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അറസ്റ്റിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റിലാകുന്ന വ്യക്തിക്ക് മനസിലാകുന്ന ഭാഷയിലായിരിക്കണം കാരണങ്ങൾ നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി. കാരണം രേഖാമൂലം നൽകാതെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
ഭരണഘടനയുടെ 22(1) അനുച്ഛേദപ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലം അറിയിച്ചില്ലെങ്കിൽ അറസ്റ്റ് നിയമവിരുദ്ധമാകുമെന്ന് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് അതുൽ എസ്. ചന്ദ്രൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ അന്വേഷണ ഏജൻസി കാരണങ്ങൾ രേഖാമൂലം നൽകണമെന്നും അത് അറസ്റ്റിലായ വ്യക്തിക്ക് മനസിലാകുന്ന ഭാഷയിലായിരിക്കണമെന്നും കോടതി പറഞ്ഞു.
അറസ്റ്റിന്റെ കാരണം അറിയിക്കാതെ ഒരാളെ കസ്റ്റഡിയിൽ വയ്ക്കാനാകില്ലെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവമോ ഗൗരവമോ എന്തുതന്നെയായാലും പൗരന്റെ അവകാശങ്ങൾക്ക് പ്രാധാന്യമുണ്ടെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) തുടങ്ങിയ പ്രത്യേക നിയമങ്ങൾ പ്രകാരമുള്ള അറസ്റ്റുകൾക്കും ഈ വ്യവസ്ഥ ബാധകമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ആദ്യ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കപ്പെട്ട വ്യക്തിയെ വീണ്ടും അറസ്റ്റ് ചെയ്യണമെങ്കിൽ അന്വേഷണ ഏജൻസിക്ക് മതിയായ കാരണങ്ങൾ വ്യക്തമാക്കാൻ കഴിയണമെന്നും ഇതിനായി മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നേടണമെന്നും കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *