പാട്‌ന: പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിനുപിന്നാലെ മൂന്നുപേർ അറസ്റ്റിൽ. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് അന്വേഷണം വേഗത്തിലാക്കിയത്.
രാത്രിസമയം ഒന്നിച്ച് സഞ്ചരിച്ചതിനാണ് സംഘത്തിലുള്ളവർ പത്താം ക്ലാസുകാരായ ആൺകുട്ടിയെയും പെൺകുട്ടിയെയും ആക്രമിക്കാൻ തുടങ്ങിയത്. ഒരു സംഘം യുവാക്കൾ റോഡിൽവച്ച് പെൺകുട്ടിയെ തടയുന്നതും ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ ചില യുവാക്കൾ മോശമായി സ്‌പർശിക്കുന്നതും റോഡിലൂടെ വലിച്ചിഴയ്‌ക്കുന്നതും വീഡിയോയിൽ കാണാം. പെൺകുട്ടിയുടെ സുഹൃത്തായ ആൺകുട്ടി അക്രമികൾക്ക് പിറകെ ഓടിയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തി തിരികെ കൊണ്ടുവരുന്നത്.
ശനിയാഴ്‌ച വൈകിട്ട് ജമുയി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ജമുയി സ്വദേശികളായ വിദ്യാർത്ഥികൾ കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് സ്‌കൂട്ടറിൽ മർവ പഹാഡിൽ പോയി മടങ്ങിവരുമ്പോഴാണ് ഒരു സംഘം യുവാക്കൾ ഇവരെ തടഞ്ഞുനിർത്തിയത്. തുടർന്ന് പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ആൺകുട്ടിയെ യുവാക്കൾ മാറ്റിനിർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പെൺകുട്ടി കൈകൂപ്പി കരഞ്ഞ് പറഞ്ഞിട്ടും പിന്മാറാൻ അക്രമികൾ തയ്യാറായില്ല. ചിലർ ഇടപെട്ട് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവാക്കൾ തിരിച്ചെത്തി വീണ്ടും ഉപദ്രവം തുടരുന്നുണ്ട്.
ഏകദേശം 20 മിനിറ്റോളം വിദ്യാർത്ഥികൾ ആക്രമണത്തിന് ഇരയായതായാണ് പൊലീസ് പറയുന്നത്. എന്നാൽ, സംഭവത്തിൽ പരാതിപ്പെടാൻ പെൺകുട്ടിയുടെ കുടുംബം ആദ്യം തയ്യാറായിരുന്നില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് ഇടപെട്ടാണ് ഇരകളെ കണ്ടെത്തിയത്.
വിഷയത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. പൊതുസ്ഥലത്ത് രാത്രി ഏഴ് മണിക്ക് ശേഷം പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ബീഹാർ ഗവൺമെന്റ് സംഭവത്തിൽ ഉത്തരം പറയണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികളെ സംഘംചേർന്ന് ആക്രമിച്ചു, പെൺക്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ