25 പവനും ഹാർഡ് ഡിസ്കും കവർന്ന കണ്ണപ്പൻ രതീഷ് അറസ്റ്റിൽ

കൊല്ലം: പൂട്ടിക്കിടന്ന വീടിന്റെ മുൻവാതിൽ തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവനും 40000 രൂപയും സി.സി ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്കും മോഷ്ടിച്ച പ്രതി പിടിയിൽ. കേസിൽ കണ്ണപ്പൻ എന്ന് വിളിക്കപ്പെടുന്ന ചിറയിൻകീഴ് മാമം പ്ലാക്കോട്ട് കോണം ചരുവിള വീട്ടിൽ രതീഷാണ് (29) പിടിയിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി മോഷണം, ഭവനഭേദനം ഉൾപ്പടെ അൻപതോളം കേസുകളിൽ പ്രതിയാണ് രതീഷ്.

കഴിഞ്ഞ ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം. കടയ്ക്കൽ ഇട്ടിവ ഫിൽ ഗിരിയിൽ അയനിൽ വീട്ടിൽ സലീന ബീവിയുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷണത്തിനൊപ്പം വിവിധ ഭാഗങ്ങളിലായി ഫിറ്റ് ചെയ്തിരുന്ന സിസി ടി.വി ക്യാമറ നശിപ്പിച്ചു. ആകെ 2968000 രൂപയുടെ നഷ്ടമാണ് വരുത്തിയതെന്ന് വീട്ട് ഉടമസ്ഥർ പറഞ്ഞു.

പൊലീസ് നടത്തിയ രഹസ്യ വിവര ശേഖരണത്തിന്റെയും ശാസ്ത്രീയ തെളിവെടുപ്പുകൾക്കുമൊടുവിലാണ് മോഷ്ടാവിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെഞ്ഞാറമൂട്, ആറ്റിങ്ങൽ തുടങ്ങി സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന സ്വഭാവമുള്ള നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ജ്യോതിഷ് ചിറവൂർ,സി.പി.ഒമാരായ ശ്യാം മോഹൻ,വിഷ്ണു, ജിജോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *