തിരുവനന്തപുരം∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും വിവിധ ജില്ലകളിൽ താലൂക്ക് അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം താലൂക്ക്, ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾ, പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക്, ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകൾ, വയനാട്ടിലെയും കോഴിക്കോടിലെയും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ എന്നിവിടങ്ങളിലാണ് നാളെ (ഓഗസ്റ്റ് 6) അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികൾ മുതൽ പ്രഫഷനൽ കോളജുകൾക്കു വരെ അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന മറ്റ് സ്കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ട ജില്ലാ കലക്ടർമാർ അറിയിച്ചു. മാവേലിക്കര, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ അവധി സംബന്ധിച്ച തീരുമാനം പ്രാദേശിക സാഹചര്യം പരിശോധിച്ച് ഡിഡിഇ എടുക്കും.
ഓറഞ്ച് അലർട്ട് തുടരും
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് തുടരും.
ദുരിതാശ്വാസ ക്യാംപുകൾ സജീവം
അപ്പർ കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്. ജലനിരപ്പ് താഴാത്തതിനാൽ പല വീടുകളിലും ആളുകൾ മുകളിലത്തെ നിലയിലാണു കഴിയുന്നത്. തിരുവല്ലയിൽ മാത്രം 85 ദുരിതാശ്വാസ ക്യാംപുകളിലായി ആറായിരത്തോളം പേരുണ്ട്. തിരുവല്ല – മാവേലിക്കര, ആലപ്പുഴ – ചങ്ങനാശേരി റോഡുകളിലും എംസി റോഡിലെ ചില ഭാഗങ്ങളിലും ഇപ്പോഴും വെള്ളക്കെട്ടുണ്ട്.
വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം
വയനാട്ടിൽ വിനോദസഞ്ചാരികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. താമരശ്ശേരി ചുരം, ബോയ്സ് ടൗൺ–പാൽചുരം വഴിയുള്ള യാത്രക്കാരും ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.