കൊച്ചി ∙ ഓണം ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 1,248 ലീറ്റർ സ്പിരിറ്റ് പിടികൂടി എക്സൈസ്. അങ്കമാലി കോതകുളങ്ങരയിൽ ദേശീയപാതയോരത്ത് സിമന്റ് ഹോളോബ്രിക്സ് നിർമാണ കേന്ദ്രത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ ബോട്ട്ലിങ് യൂണിറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വ്യാജമദ്യ വിപണനം തടയാൻ എക്സൈസ് നടത്തുന്ന ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി നടത്തിയ പരിശോധനയിലാണ് വൻ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്. കർണാടകയിൽ നിന്ന് സ്പിരിറ്റ് എത്തിച്ച കൊല്ലം ചത്തന്നൂർ പി.ജെ. നിവാസിൽ രതീഷ്, പറവൂർ ചെറിയപള്ളംതുരുത്ത് കക്കനാട്ട് വീട്ടിൽ സന്തോഷ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. പിക്കപ്പ് വാനിൽനിന്ന് ഹോളോബ്രിക്സ് യൂണിറ്റിലേക്ക് സ്പിരിറ്റ് ക്യാനുകൾ ഇറക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
കർണാടകയിലെ ഹുബ്ബള്ളിയിൽ നിന്നാണ് ഇവർ സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് വ്യക്തമാക്കി. വാഹനത്തിൽ തവിട് നിറച്ച ചാക്കുകൾക്കടിയിലാണ് സ്പിരിറ്റ് ക്യാനുകൾ ഒളിപ്പിച്ചിരുന്നത്. കൊടുങ്ങല്ലൂരിൽ അടുത്തിടെ നടന്ന സ്പിരിറ്റ് വേട്ടയുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലിയിൽ നിരീക്ഷണം ശക്തമാക്കിയതാണ് സംഘം പിടിയിലാകുന്നതിലേക്ക് നയിച്ചത്.
അങ്കമാലി സ്വദേശിയായ ബൈജു എന്നയാളാണ് ഹോളോബ്രിക്സ് നിർമാണ കേന്ദ്രം വാടകയ്ക്കെടുത്ത് നടത്തിയിരുന്നത്. ഇയാൾ ഒളിവിലാണ്. ഹോളോബ്രിക്സ് കമ്പനിയോട് ചേർന്നുള്ള മുറിയിൽ മദ്യം നിറയ്ക്കുന്നതിനുള്ള ഉപകരണങ്ങൾ, അളവുപാത്രങ്ങൾ, വ്യാജ ലേബലുകൾ പതിക്കാനായി തയാറാക്കിയ സ്റ്റിക്കർ പേപ്പറുകൾ, കുപ്പികൾ, അറുപതോളം അടപ്പുകൾ എന്നിവയും എക്സൈസ് കണ്ടെടുത്തു. സ്പിരിറ്റിൽ വെള്ളവും നിറവും ചേർത്ത് പ്രാദേശിക ബാറുകളിലും കരിഞ്ചന്തയിലും ചില്ലറ വിൽപന നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി.
അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഉൾപ്പെട്ടിട്ടുള്ളവരെയും സ്ഥല ഉടമസ്ഥനെയും ഉടൻ പിടികൂടുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എറണാകുളം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ.സതീഷിന്റെ നിർദേശപ്രകാരം അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ എ.വിപിൻദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പത്മകുമാർ, പി.കെ.ബിജു, സുരേഷ് ബാബു, റെഞ്ചു എൽദോ തോമസ്, വി.എസ്.ഷൈജു, പ്രിവന്റീവ് ഓഫിസർമാരായ ഷിബു, രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ അജീഷ്, നൗഫൽ, സൽമാനുൽ ഫാരീസ്, സജീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.