കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് രണ്ടുദിവസം

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 20 കാരൻ അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

സൗഹൃദ ദിനമായ ഓഗസ്റ്റ് രണ്ടിന് സുഹൃത്തിനൊപ്പം ഷോപ്പിംഗ് മാളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്നിറങ്ങിയത്. രാത്രിയായിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ ഫോൺ ചെയ്‌തെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു. പിന്നാലെയാണ് കുടുംബം പൊലീസിൽ പരാതിപ്പെട്ടത്.

പെൺകുട്ടിയുടെ കാൾ ഡീറ്റെയിൽസും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചതിൽനിന്നാണ് താനെ സ്വദേശിയായ മാധവിലേക്ക് (നിർഭയ്) അന്വേഷണം എത്തിയത്. ഇയാൾ നാഗ്‌പൂരിലെ വാടകവീട്ടിൽ താമസിച്ച് എംബിഎ പഠനം നടത്തുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. യുവാവിന്റെ താനെയിലെ വീട്ടിലെത്തി അമ്മയോട് പൊലീസ് കാര്യങ്ങൾ അറിയിച്ചു. അമ്മയെക്കൊണ്ട് യുവാവിന്റെ ഫോണിലേക്ക് വിളിപ്പിച്ചെങ്കിലും സമീപത്ത് പൊലീസുദ്യോഗസ്ഥനുണ്ടെന്ന് മനസിലാക്കിയതോടെ ഫോൺ ഓഫാക്കി. പരിഭ്രാന്തനായ മാധവ് പെൺകുട്ടിയെക്കൊണ്ട് മാതാപിതാക്കളെ വിളിപ്പിച്ച് താൻ സുരക്ഷിതയാണെന്ന് പറയിപ്പിച്ചു. ഇതോടെ പ്രതിയുടെ മൊബൈൽ ലോക്കേഷൻ പൊലീസിന് ട്രാക്ക് ചെയ്യാൻ കഴിഞ്ഞു.

പിന്നാലെ ഓൺലൈനായി പ്രതി ഭക്ഷണം ഓർഡർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസിന് മനസിലായി. ഡെലിവറി ജീവനക്കാരനെ പിന്തുടർന്ന പൊലീസ് നാഗ്‌പൂരിലെ വാടകവീട്ടിലെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്‌തു.

നഗ്നയാക്കി കിടക്കയിൽ കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളും കുത്തേറ്റ പാടുകളും ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് കത്തിയുമായിനിന്ന പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അൽപസമയംകൂടി വൈകിയിരുന്നെങ്കിൽ പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തുമായിരുന്നെന്നും പൊലീസ് പറഞ്ഞു.

കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പോക്‌സോ നിയമം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും സമാനരീതിയിലുള്ള കുറ്റകൃത്യങ്ങൾ മുൻകാലങ്ങളിൽ പ്രതി നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തന്റെ മാതാവ് ഡോക്‌ടറാണെന്നും ബന്ധുവിൽ ഒരാൾ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണെന്നുമാണ് യുവാവ് പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നത്. ഇത് അടിസ്ഥാനരഹിതമാണെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം യുവാവും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നാണ് ചിലർ. 16 കാരി സ്വന്തം ഇഷ്‌ടപ്രകാരമാണ് തനിക്കൊപ്പം വന്നതെന്നും വീണുണ്ടായ പരിക്കാണ് പെൺകുട്ടിയുടെ ദേഹത്തുണ്ടായിരുന്നതെന്നും യുവാവ് പറഞ്ഞതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *