ദുബായ്: യുഎഇയിലെ കാലാവസ്ഥ അസ്ഥിരമാണെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയറോളജി (എൻസിഎം). കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്. കിഴക്ക്-തെക്ക് മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ ഓഗസ്റ്റ് എഴ് വരെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേയ്ക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും ചില സമയങ്ങളിൽ കാറ്റിന്റെ ശക്തി വർദ്ധിച്ച് പൊടിപടലങ്ങൾ ഉയരാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗതയെന്നും ഇത് 40 കിലോമീറ്റർ വരെ ഉയരാൻ സാദ്ധ്യയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യുഎയിലെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ചില പ്രദേശങ്ങളിൽ കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായിൽ 45 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും ഷാർജയിൽ 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ട്.
അതേസമയം, വാരാന്ത്യത്തിലും യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റുവീശുന്നതിനാൽ പൊടിപടലങ്ങൾ ഉള്ള പ്രദേശങ്ങളിൽ കാഴ്ചപരിധി കുറയും. തിങ്കളാഴ്ച കിഴക്ക്, തെക്ക് മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും എന്നാൽ ചൊവ്വാഴ്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നുമാണ് പ്രവചനം.