സൗദി അറേബ്യയിൽ ഹൂതി ആക്രമണം; പ്രവാസികൾക്കടക്കം പരിക്ക്, യെമനി സൈനികർ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ ഹൂതി ആക്രമണത്തിൽ പ്രവാസികളടക്കം പതിനൊന്ന് പേർക്ക് പരിക്ക്. ഒരു സ്ത്രീയും നാല് വയസുകാരനുമുൾപ്പെടെ ഏഴ് സൗദി പൗരന്മാർക്കും രണ്ട് ഈജിപ്‌ത് സ്വദേശികൾക്കും ഒരു പാകിസ്ഥാനിക്കും ഒരു യെമനിക്കുമാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയെ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഇറാൻ റെവല്യൂഷനറി ഗാർഡിന്റെ സഹകരണത്തോടെ ഹൂതികളും ഇറാഖിലെ ഇറാൻ അനുകൂല സംഘടനകളും ആസൂത്രണം ചെയ്യുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.

ഇതിനിടെ യെമനിലെ ഹദ്‌റമൗത്, മാരിബ് മേഖലകളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 17 യെമനി സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയുധക്കടത്ത് തടയുന്ന സേനാവിഭാഗത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

ഒരു ദശാബ്ദത്തിലേറെയായി സൗദി അറേബ്യയും ഹൂതികളും യെമന്റെ നിയന്ത്രണത്തിനായി പരസ്‌പരം പോരാടുകയാണ്. കഴിഞ്ഞ ഒരു മാസമായി സൗദി അരാംകോ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ ഹൂതികൾ ആക്രമണം കടുപ്പിക്കുകയും ചെയ്തു. യെമന്റെ തലസ്ഥാനമായ സനയും ചെങ്കടൽ തീരപ്രദേശത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതി പ്രസ്ഥാനം കഴിഞ്ഞ മാസം ചെങ്കടലിൽ സൗദി അറേബ്യയ്‌ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *