‘തുടക്കം സിനിമയിൽ സുചിത്രയും അഭിനയിക്കാൻ പദ്ധതിയിട്ടിരുന്നു,​ അവസാന നിമിഷം നടന്നില്ല’; കാരണം തുറന്നുപറഞ്ഞ് ജൂഡ് ആന്റണി

കൊച്ചി: വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’ സിനിമ ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും പ്രത്യേക വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂരും മകൻ ആഷിഷ് ജോ ആന്റണിയും ചിത്രത്തിൽ അഭനിയിക്കുന്നുണ്ട്. അതിനിടെ ചിത്രത്തിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട രസകരമായൊരു വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

മോഹൻലാലിന്റെ ഭാര്യ സുചിത്രയെയും ചിത്രത്തിന്റെ ഭാഗമാക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നാണ് സംവിധായകൻ ജൂഡ് ആന്റണി വെളിപ്പെടുത്തിയിരിക്കുന്നത്. സുചിത്രയോട് ചിത്രത്തിൽ അഭിനിയിക്കണമെന്ന ആഗ്രഹം താൻ പലതവണ പങ്കുവച്ചിരുന്നതായാണ് ജൂഡ് വെളിപ്പെടുത്തിയിരിക്കുന്നത്. സുചിത്ര കൂടി എത്തിയാൽ ചിത്രം ഒരു പൂർണ കുടുംബചിത്രമായി മാറുമെന്നായിരുന്നു ജൂഡിന്റെ പ്രതീക്ഷ. മോഹൻലാലും ഇതിനോട് സമ്മതിച്ചിരുന്നുവെന്നും ജൂഡ് വ്യക്തമാക്കി.

‘ചേച്ചിയോട് പലതവണ ഞാൻ ചോദിച്ചിരുന്നു. ചേച്ചി കൂടി വന്നാൽ മാത്രമേ സിനിമ പൂർണമാകൂ എന്ന് പറഞ്ഞു. പക്ഷേ ചേച്ചി വന്നില്ല. അവസാന നിമിഷമാണ് ചേച്ചി പിന്മാറിയത്. അങ്ങനെ ചിത്രം ഒരു പൂർണ കുടുംബചിത്രമാകാനുള്ള എല്ലാ സാദ്ധ്യതയുമുണ്ടായിരുന്നു. ലാൽ സാറും അതിന് സമ്മതിച്ചിരുന്നു. പക്ഷേ ചേച്ചി ഇല്ല, ഇല്ല, ഞാൻ വരില്ല എന്ന് പറഞ്ഞു’- ജൂഡ് ആന്റണി പറഞ്ഞു.

ചിത്രം തിയേറ്ററുകളിലെത്തിയതിന് പിന്നാലെ വിസ്മയ മോഹൻലാലിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. താരത്തിന്റെ അഭിനയത്തിനും ‌‌ഡബ്ബിംഗിനും പ്രേക്ഷകരുടെ പ്രശംസ ലഭിക്കുന്നുണ്ട്. മോഹൻലാലിനോടുള്ള ആദരസൂചകമായി ചിത്രത്തിൽ ഒരുക്കിയ ടൈറ്റിൽ കാർഡിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *