അടൂർ ∙ അമ്മയും മകളും കയറും മുൻപ് കെഎസ്ആർടിസി ബസ് വിട്ടതിനെ തുടർന്ന് ബസിന്റെ പടിയിൽ നിന്ന് വീണ അമ്മയ്ക്കും ഇതു കണ്ട് ബസിൽ നിന്ന് ചാടിയിറങ്ങിയ മകൾക്കും പരുക്കേറ്റു. കുരമ്പാല കുറ്റിയിലയ്യത്ത് പുഷ്പകല(54), മകൾ ആര്യ(24) എന്നിവർക്കാണു പരുക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 3.30ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻപിലുള്ള റോഡിലാണു സംഭവം. ആര്യയാണ് ആദ്യം ബസിൽ കയറിയത്. പിന്നാലെ അമ്മ ബസിന്റെ ആദ്യ പടിയിൽ കയറിയപ്പോഴേക്കും ബസ് വിട്ടതിനെ തുടർന്ന് റോഡിൽ ബസിന്റെ അടിയിലേക്കു വീഴുകയായിരുന്നുവെന്നു ആര്യ പറഞ്ഞു. പുഷ്പകല വീണതു കണ്ട് പെട്ടെന്ന് ആര്യ ബസിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു. അമ്മയ്ക്കു കാര്യമായ പരുക്കില്ലെങ്കിലും മകൾക്കു കാലിനു പരുക്കുണ്ട്. ഇരുവരെയും അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.