രണ്ട് ദിവസം കൊണ്ട് 4 കിലോ ഭാരം കുറയ്ക്കാം; വൈറല്‍ പാനീയം കുടിച്ചവര്‍ ആശുപത്രിയില്‍

ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശരീരഭാരം കുറയ്ക്കാന്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന അപകടകരമായ ട്രെൻഡിനെതിരെ കടുത്ത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. കടുത്ത മലബന്ധം മാറ്റാനും വൻകുടൽ പരിശോധനകൾക്ക് മുൻപ് കുടൽ വൃത്തിയാക്കാനും പുറമേയ്ക്ക് ഉപയോഗിക്കുന്ന ഗ്ലിസറിൻ എനിമയും പഞ്ചസാരയിടാത്ത ചായയും ചേർത്ത് കുടിക്കുന്ന രീതിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് നാല് കിലോഗ്രാം വരെ ഭാരം കുറയ്ക്കാമെന്ന അവകാശവാദവുമായി നിരവധി ഇൻഫ്ലുവൻസറുകളാണ് ഇത്തരം വിഡിയോകൾ പങ്കുവെച്ചിരിക്കുന്നത്. ഈ രീതിക്കെതിരെയാണ് ഡോക്ടർമാർ രംഗത്തെത്തിയിരിക്കുന്നത്.

സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ഗ്ലിസറിൻ എനിമ ചായയിൽ കലർത്തി കുടിക്കുന്ന ദൃശ്യങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് വണ്ണം കുറയ്ക്കുന്നതിന് പകരം കടുത്ത നിർജ്ജലീകരണത്തിനും വയറിളക്കത്തിനുമാണ് കാരണമാകുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ഓൺലൈനിൽ വിഡിയോ കണ്ട് ഈ പരീക്ഷണം നടത്തിയ മാ എന്ന യുവതിക്ക് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മിശ്രിതം കുടിച്ച് മിനിറ്റുകൾക്കകം ഛർദ്ദിയും തുടര്‍ച്ചയായ വയറിളക്കവും ഉണ്ടായതായും ഉറങ്ങാൻ പോലും കഴിഞ്ഞില്ലെന്നും അവർ വെളിപ്പെടുത്തി. മധ്യ ഹെനാൻ പ്രവിശ്യയിലെ ആശുപത്രിയിൽ ഈ രീതി പരീക്ഷിച്ച് അവശനിലയിലായ നിരവധി പേർ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *