അതിഥി തൊഴിലാളി ക്യാമ്പിൽ ആക്രമണം,ഭീതിയോടെ നിവാസികൾ

ഏറ്റുമാനൂർ ∙ രാത്രിയിലെ ആക്രമണത്തെപ്പറ്റി ഇന്നലെ പൊലീസിനോടു വിവരിക്കുമ്പോഴും സദ്ദാം ഹുസൈൻ എന്ന തൊഴിലാളിയുടെ മുഖത്ത് ഭീതി. ‘ഗേറ്റിനോടു ചേർന്ന് ക്യാംപ് വളപ്പിൽ നിന്ന് ഫോൺ വിളിക്കുകയായിരുന്ന അക്തർ അലിയുടെ നിലവിളി കേട്ടാണ് എല്ലാവരും തിരിഞ്ഞുനോക്കുന്നത്. അക്തറിനെ കഴുത്തിൽ വടിവാൾ ചേർത്തുവച്ച് ക്യാംപിനുള്ളിലേക്ക് ഒരാൾ കൊണ്ടുവരുന്നു. ഈ സമയം അലറിക്കൊണ്ട്, ഉയർത്തിപ്പിടിച്ച മാരകായുധങ്ങളുമായി 7 പേർ ഇരച്ചുകയറി.

മുന്നിൽനിന്നവർക്കുനേരെ തലങ്ങും വിലങ്ങും വടിവാൾ വീശി. വാതിലുകളിൽ ആഞ്ഞുചവിട്ടി. തൊഴിലാളികൾ ചിതറിയോടി. ആരും പുറത്തേക്കു പോകാതിരിക്കാൻ വാതിലിനു മുന്നിലും അക്രമികൾ നിന്നു. എല്ലാവർക്കും നേരെ മുളകുസ്പ്രേ അടിച്ചു. ‘പൈസ.. പൈസ’ എന്നു മാത്രമാണ് അക്രമികൾ പറഞ്ഞത്. ബാഗുകൾ തുറക്കാനും പണം തരാനും ആവശ്യപ്പെട്ടു.

മടിച്ചു നിന്ന റംസാൻ അലിയുടെ (29) കഴുത്തിൽ കുത്തി മുറിവേൽപിച്ചു. എതിർക്കാൻ എത്തിയ അഷ്‌ദുൽ ഇസ്‍ലാമിന്റെ (30) കണ്ണ് ഇടിച്ചുകലക്കി. മിനസുൽ റഹ്മാൻ (35), മീരാസ് ജൂൾ ഇസ്‌ലാം (28), മോഹിത് റഹ്മാൻ( 36) എന്നിവരെ കത്തികൊണ്ടും കമ്പിവടി കൊണ്ടും ആക്രമിച്ചു. അസം സ്വദേശിയും പൂവത്തുംമൂട്ടിലെ വ്യാപാരിയുമായ റഹ്മാനെ മർദിച്ച് എടിഎം കാർഡും പാസ്‌വേഡും കൈക്കലാക്കി’ – സദ്ദാം പറഞ്ഞു.

‌എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചു
4 പേരുടെ എടിഎം കാർഡ് ആണ് സംഘം തട്ടിയെടുത്തതെന്നു തൊഴിലാളികൾ പറയുന്നു. അതിൽ മൂന്നുപേരും പാസ്‌വേഡ് തെറ്റിച്ചാണു പറഞ്ഞുകൊടുത്തത്. വ്യാപാരിയായ റഹ്മാന്റെ എടിഎം കാർഡ് ഉപയോഗിച്ച് പുതുപ്പള്ളി പരിയാരം ഹിറ്റാച്ചി എടിഎം കൗണ്ടറിൽനിന്ന് 7,000 രൂപ പിൻവലിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കവർച്ച, ആക്രമണം, ഭീഷണി
ഏറ്റുമാനൂർ ∙ മാരകായുധങ്ങളുമായി ഒരു മണിക്കൂറോളമാണ് അക്രമികൾ അതിഥിത്തൊഴിലാളികളുടെ ക്യാംപിൽ അഴിഞ്ഞാടിയത്. എതിർക്കാൻ ഒരുങ്ങിയവരുടെ നേരെ വടിവാൾ വീശി. ചിലരെ കുത്തിയും വെട്ടിയും മുറിവേൽപിച്ചു. ബാഗും വസ്ത്രങ്ങളും വടിവാൾകൊണ്ടു വെട്ടിക്കീറി. പണം തരാൻ മടിച്ചവരെ മർദിച്ച് പണം കൈക്കലാക്കി.

Leave a Reply

Your email address will not be published. Required fields are marked *