ചൈനയിൽനിന്നുള്ള സൈനികാക്രമണഭീഷണി നേരിടാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി തയ്‌വാൻ ഡ്രോണുകളുടെ ഉപയോഗം അതിവേഗം കൂട്ടുന്നു.റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ആളില്ലാ സംവിധാനങ്ങളുടെ വർധിച്ചുവരുന്ന പങ്ക് പാഠമായാണ് ഈ നടപടി. ആക്രമണത്തിനെത്തുന്ന സേനയെ നിരീക്ഷിക്കാനും പിന്തുടരാനും ആവശ്യമെങ്കിൽ പ്രത്യാക്രമണം നടത്താനും വൻതോതിൽ ഡ്രോണുകൾ ഉപയോഗിക്കുക എന്നതാണ് ഈ തന്ത്രം ലക്ഷ്യമിടുന്നത്. ആക്രമണ സേനയെ എത്രയും പെട്ടെന്ന് കണ്ടെത്തുക, അവയുടെ നീക്കങ്ങൾ പിന്തുടരുക, തയ്‌വാനിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നതിനു മുൻപ് മുന്നേറ്റം തടസ്സപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തയ്‌വാൻ സൈന്യം അവരുടെ സൈനികാഭ്യാസങ്ങളിൽ ഡ്രോണുകളെ കൂടുതൽ വ്യാപകമായി ഉൾപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഈയാഴ്ച ആരംഭിച്ച പത്തുദിവസം നീണ്ടുനിൽക്കുന്ന ഹാൻ കുവാങ് സൈനികാഭ്യാസത്തിൽ, നിരീക്ഷണഡ്രോണുകൾ ഉപയോഗിക്കുന്നതിലും ശത്രുക്കളുടെ ആളില്ലാ വിമാനങ്ങൾ കണ്ടെത്തി പ്രതിരോധിക്കുന്നതിലും സൈനികർ പരിശീലനം നേടി.
ഏകീകരണം സാധ്യമാക്കാൻ ബലപ്രയോഗം
താരതമ്യേന ചെലവുകുറഞ്ഞ ആളില്ലാ വിമാനങ്ങൾ നിരീക്ഷണത്തിനും ആക്രമണങ്ങൾക്കും പ്രധാനമാർഗമായി മാറിയ യുക്രെയ്നിൽനിന്നുള്ള പാഠങ്ങളാണ് ഡ്രോണുകൾക്കുള്ള ഈ ഊന്നലിനു പിന്നിൽ. ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ തയ്‌വാന് പരമ്പരാഗത സൈനിക ശേഷിയിൽ വലിയ പോരായ്മയുണ്ട്. തങ്ങളുടെ അസന്തുലിത പ്രതിരോധശേഷി ശക്തിപ്പെടുത്താനുള്ള മാർഗമായാണ് തയ്‌വാൻ ഡ്രോണുകളെ കാണുന്നത്.
തയ്‌വാനെ തങ്ങളുടെ ഭൂപ്രദേശത്തിന്റെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്, ഏകീകരണം സാധ്യമാക്കാൻ ബലപ്രയോഗത്തിനുള്ള സാധ്യതയും അവർ തള്ളിക്കളഞ്ഞിട്ടില്ല. ദ്വീപിന് ചുറ്റും വിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിച്ചും വിവിധ ആയുധ സംവിധാനങ്ങൾ ഉപയോഗിച്ച് അഭ്യാസം നടത്തിയും ബെയ്ജിങ് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ ഉണഅടാക്കാറുണ്ട്.
യുക്രെയ്ൻ നൽകുന്ന പാഠം
തയ്‌വാൻ ഒരു വലിയ ആഭ്യന്തര ഡ്രോൺ വ്യവസായം കെട്ടിപ്പടുക്കാനും ശ്രമിക്കുന്നു. 2030-ഓടെ പ്രതിമാസം ഒരു ലക്ഷം ഡ്രോണുകൾ നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്, ഇതിൽ പകുതിയോളം കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 2,10,000-ത്തിലധികം വ്യോമ, സമുദ്ര ആളില്ലാ സംവിധാനങ്ങൾ വാങ്ങാനും തയ്‌വാൻ സൈന്യത്തിന് പദ്ധതിയുണ്ട്.
ആളില്ലാ സാങ്കേതികവിദ്യ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനായി തയ്‌വാൻ തങ്ങളുടെ സൈന്യത്തിന്റെ ചില ഭാഗങ്ങൾ പുനഃസംഘടിപ്പിക്കുന്നുണ്ട്. തീരദേശ പ്രതിരോധത്തിനായി ഡ്രോണുകളെ സഞ്ചരിക്കുന്ന മിസൈലുകളുമായും പീരങ്കികളുമായും സംയോജിപ്പിക്കാൻ ലക്ഷ്യമിട്ട് ഒരു ‘ലിറ്ററൽ കോംബാറ്റ് കമാൻഡ്’ സ്ഥാപിച്ചിട്ടുണ്ട്.ഡ്രോൺ ശേഷി വർധിപ്പിക്കുന്നതിനായി അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 6.5 ബില്യൺ ഡോളർ ചെലവഴിക്കാനാണ് സർക്കാർ നിർദേശം.തയ്‌വാനെ സംബന്ധിച്ചിടത്തോളം യുക്രെയ്ൻ നൽകുന്ന പാഠം വ്യക്തമാണ്: ഒരു ആധുനിക സംഘർഷത്തിൽ, പരമ്പരാഗത സൈനിക സേനകൾക്കൊപ്പം ചെറുതും ചെലവുകുറഞ്ഞതുമായ ആളില്ലാ സംവിധാനങ്ങൾക്കും ഒരു പ്രധാനപങ്ക് വഹിക്കാൻ കഴിയും. ആവശ്യമായ എണ്ണത്തിൽ അവ നിർമിക്കുകയും ദ്വീപിന്റെ മൊത്തത്തിലുള്ള പ്രതിരോധ സംവിധാനത്തിലേക്ക് ഫലപ്രദമായി സംയോജിപ്പിക്കുകയും ചെയ്യുക എന്നതാണ് വെല്ലുവിളി.