ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 50 ലക്ഷത്തിന്റെ സ്വർണ്ണം കാണാനില്ല: വീട്ടമ്മയുടെ പരാതിയിൽ അന്വേഷണം

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന വീട്ടമ്മയുടെ 50 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായതായി പരാതി. 2003 ൽ അന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്ബിടി) ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് വർഷങ്ങൾക്ക് ശേഷം ലോക്കർ തുറന്നപ്പോൾ കാണാതായത്. സംഭവത്തിൽ കാൺപൂർ പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു.

കാൺപൂർ സ്വദേശിനിയായ രശ്മി അറോറയും ഭർത്താവും ചേർന്ന് 2003 ഫെബ്രുവരി 26 നാണ് എസ്ബിടി ബാങ്കിൽ അക്കൗണ്ട് തുറന്നത്. തുടർന്ന് തങ്ങൾക്ക് അനുവദിച്ച 23-ാം നമ്പർ ലോക്കറിൽ 50 ലക്ഷം വിലമതിക്കുന്ന സ്വർണ്ണം വെള്ളി ആഭരണങ്ങൾ സൂക്ഷിച്ചുവച്ചു. പിന്നീട് വർഷംതോറും ഇവർ ബാങ്കിലെത്തി ആഭരണങ്ങൾ പരിശോധിച്ചിരുന്നു. എന്നാൽ ഭർത്താവിന്റെ മരണശേഷം രശ്മി മകൾക്കും മരുമകനുമൊപ്പം താമസിക്കാൻ ലഖ്‌നൗവിലേക്ക് പോയതോടെ ബാങ്കിലെത്തുന്നത് നിന്നു.

നാലുമാസങ്ങൾക്ക് മുൻപ് രശ്മി മകളോടൊപ്പം കാൺപൂരിലെ ബാങ്കിലെത്തിയപ്പോഴാണ് എസ്‌ബിടി സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുമായി ലയിച്ച വിവരമറിയുന്നത്. ബാങ്കിൽ രശ്മിയുടെ പേരിൽ ലോക്കർ ഇല്ലെന്ന് ബാങ്ക് ജീവനക്കാർ ഇവരോട് പറഞ്ഞു. പിന്നീട് ജൂലായ് 27-ന് ലോക്കറിന്റെ താക്കോലുമായി എത്തിയതോടെ ബാങ്ക് അധികൃതരുടെ സാന്നിദ്ധ്യത്തിൽ 23-ാം നമ്പർ ലോക്കർ തുറക്കുകയായിരുന്നു. ഇതോടെയാണ് വർഷങ്ങളായി സൂക്ഷിച്ചിരുന്ന തന്റെ സ്വ‌ർണ്ണം നഷ്ടപ്പെട്ടെന്ന വിവരം രശ്മി അറിഞ്ഞത്.

 

തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാങ്ക് മാനേജ്‌മെന്റും ജീവനക്കാരും ചേർന്ന് ആഭരണങ്ങൾ മോഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇവരുടെ പരാതി. സംഭവത്തിൽ ബാങ്ക് ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണെന്നും ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്നും കാൺപൂർ ഡിസിപി അതുൽ ശ്രീവാസ്തവ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *