അമിത പ്രോട്ടീൻ ആരോഗ്യത്തിന് നല്ലതല്ല

ഇന്ന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പതിവാണ്. ആരോഗ്യസംരക്ഷണത്തിന് പ്രോട്ടീൻ മികച്ചതാണെങ്കിലും അമിതമായാൽ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. 2024ൽ പ്രസിദ്ധീകരിച്ച ‘നേച്ചർ മെറ്റബോളിസം’ എന്ന പഠന റിപ്പോർട്ട് അനുസരിച്ച് അമിതമായ പ്രോട്ടീൻ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒരു വ്യക്തി കഴിക്കുന്ന പ്രോട്ടീന്റെ അളവ്, അതിന്റെ ഉറവിടം (സസ്യങ്ങൾ, മൃഗങ്ങൾ), അവയുടെ നിലവിലെ ആരോഗ്യാവസ്ഥ എന്നിവയെല്ലാം പ്രധാനപ്പെട്ടതാണെന്നാണ് വിദഗ്ധ‌ർ ചൂണ്ടിക്കാട്ടുന്നത്. ശരീരത്തിലെ കോശങ്ങളുടെ വളർച്ചയ്ക്കും രോഗപ്രതിരോധ ശേഷിയ്ക്കും പ്രോട്ടീൻ അത്യാവശ്യമാണ്. എന്നാൽ കൊഴുപ്പും അന്നജവും പോലെ അധികം വരുന്ന പ്രോട്ടീൻ സൂക്ഷിച്ചുവയ്ക്കാൻ ശരീരത്തിന് കഴിയില്ല. അതിനാൽ ആവശ്യത്തിലധികം വരുന്ന പ്രോട്ടീൻ ശരീരം തനിയെ വിഘടിപ്പിക്കുകയും അതിലെ നൈട്രജൻ അവശിഷ്ടങ്ങൾ വൃക്കകൾ വഴി പുറന്തള്ളുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുമെന്നാണ് പഠനങ്ങൾ പറയുന്നത്.

പ്രത്യേകിച്ച് വൃക്കരോഗികളോ പ്രമേഹവും അമിത രക്തസമ്മർദ്ദവും കാരണം വൃക്കകൾക്ക് തകരാർ സംഭവിച്ചവരോ ഡോക്ടറുടെ നിർദ്ദേശമില്ലാതെ പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ അമിതമായി കഴിക്കരുത്. സ്വന്തം ആരോഗ്യാവസ്ഥ നോക്കാതെ അമിത അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ അത് അപകടം ചെയ്യും. പഠനങ്ങൾ അനുസരിച്ച് പ്രോസസ്ഡ് മാംസവും ചുവന്ന മാംസവും അമിതമായി കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളുടെ സാദ്ധ്യത വർദ്ധിപ്പിക്കും. പകരം പയർ വർഗങ്ങൾ പോലുള്ള സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനുകൾ ആരോഗ്യത്തിന് മികച്ചതാണ്.

 

മത്സ്യം, മുട്ട, പാൽ, ചിക്കൻ എന്നിവയും കൃത്യമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നമ്മുടെ നിത്യേനയുള്ള സമീകൃതാഹാരത്തിൽ നിന്ന് തന്നെ ലഭിക്കും. പലപ്പോഴും കായികതാരങ്ങൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് കൂടുതൽ പ്രോട്ടീൻ ആവശ്യമായി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഒരു ആരോഗ്യവിദഗ്ധന്റെ നിർദ്ദേശപ്രകാരം മാത്രമായിരിക്കണം ആഹാരക്രമീകരണം.

Leave a Reply

Your email address will not be published. Required fields are marked *