യുകെ മലയാളി യുവതിക്ക് ‘അപൂർവ രോഗം’

പ്രസ്റ്റൺ (യുകെ)∙ ജീവന് ഭീഷണിയാകുന്ന രക്തസംബന്ധമായ അപൂർവ രോഗത്തിനെതിരെ പൊരുതുന്ന മലയാളി യുവതി സ്റ്റെം സെൽ ദാതാവിനെ തേടുന്നു. അപ്ലാസ്റ്റിക് അനീമിയ (Aplastic Anaemia) ബാധിച്ച ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന മലപ്പുറം സ്വദേശിയായ റഫിയ ഷെറിൻ (30) ആണ് അനുയോജ്യമായ ദാതാവിനായി കാത്തിരിക്കുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്നുള്ള പരിശോധനയിലാണ് റഫിയക്ക് അപ്ലാസ്റ്റിക് അനീമിയ ബാധിച്ചതായി സ്ഥിരീകരിച്ചത്.

2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായാണ് റഫിയ യുകെയിലെത്തിയത്. തുടർന്ന് കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലുമായി നടത്തിയ അവധിക്കാല യാത്രയ്ക്കിടയിൽ ഭക്ഷ്യവിഷബാധ ഏൽക്കുകയായിരുന്നു. യാത്ര കഴിഞ്ഞ് യുകെയിൽ തിരിച്ചെത്തിയിട്ടും രോഗം മാറിയില്ല. തലകറക്കം, ഛർദ്ദി, പേശി വേദന, കടുത്ത ക്ഷീണം, വയറിളക്കം എന്നിവയാൽ റഫിയ ഏറെ പ്രയാസം അനുഭവിക്കുകയും ചെയ്തു.

തുടക്കത്തിൽ ഭക്ഷ്യവിഷബാധയുടെ അനന്തരഫലങ്ങൾ മാത്രമാണിതെന്ന് കരുതി ഡോക്ടർമാരെ സമീപിച്ചെങ്കിലും, ആശുപത്രിയിൽ പോകേണ്ടതില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ പിന്നീട് നടത്തിയ രക്തപരിശോധനയിലാണ് രോഗകാരണം വ്യക്തമായത്. പിറ്റേദിവസം രാവിലെ ഉടൻ ആശുപത്രിയിൽ പ്രവേശിക്കാൻ ഡോക്ടർമാർ ആവശ്യപ്പെടുകയും അവിടെവച്ച് അടിയന്തരമായി രക്തം മാറ്റിവെക്കൽ നടത്തുകയുമായിരുന്നു.

പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്ന അസ്ഥിമജ്ജയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്ന അവസ്ഥയാണ് അപ്ലാസ്റ്റിക് അനീമിയ. ഭക്ഷ്യവിഷബാധ ബാധിച്ചില്ലായിരുന്നെങ്കിൽ തന്റെ ജീവന് ഭീഷണിയായ ഈ അവസ്ഥ ഇത്ര പെട്ടെന്ന് തിരിച്ചറിയില്ലായിരുന്നുവെന്ന് റഫിയ പറയുന്നു. നിലവിൽ ആഴ്ചയിൽ രണ്ട് തവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ.

രോഗത്തിന്റെ ഭീകരാവസ്ഥ ആദ്യം വലിയ അമ്പരപ്പുണ്ടാക്കിയെങ്കിലും, പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോവുകയാണ് റഫിയ. രോഗാവസ്ഥയെക്കുറിച്ചുള്ള ബോധവൽക്കരണം നടത്താനും ആളുകളെ സ്റ്റെം സെൽ റജിസ്ട്രിയിലേക്ക് സ്വാഗതം ചെയ്യാനും അവർ മുന്നിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റെം സെൽ ഡൊണാർ ഡേറ്റാബേസ് ശൃംഖലയായ ഡി.കെ.എം.എസ് യുകെയുടെ കണക്കുകൾ പ്രകാരം, യുകെയിൽ മാത്രം ജീവൻ രക്ഷിക്കുന്ന ഒരു യഥാർഥ ദാതാവിനായി ഏകദേശം 2,000 ആളുകൾ കാത്തിരിക്കുന്നുണ്ട്. എന്നാൽ യുകെയിലെ അർഹരായ ജനസംഖ്യയുടെ 7% പേർ മാത്രമാണ് സ്റ്റെം സെൽ റജിസ്റ്ററിൽ പേര് ചേർത്തിട്ടുള്ളത്. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള റഫിയയെപ്പോലുള്ളവർക്ക് അനുയോജ്യരായ ദാതാക്കളെ കണ്ടെത്താൻ ഇത് വലിയൊരു വെല്ലുവിളിയാണ്.

∙ മഞ്ചേരിയിൽ സ്റ്റെം സെൽ റജിസ്ട്രേഷൻ ക്യാംപ്
റഫിയയുടെ ജീവൻ രക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ കുടുംബത്തിനൊപ്പം നാടും കൈകോർക്കുകയാണ്. റഫിയയെയും സമാനമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റ് രോഗികളെയും സഹായിക്കുന്നതിനായി മലപ്പുറം മഞ്ചേരിയിൽ സ്റ്റെം സെൽ റജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 15ന് മഞ്ചേരി യതീംഖാന ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാംപ് നടക്കുന്നത്. DKMS വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്ത് ലഭിക്കുന്ന സ്വാബ് കിറ്റ് ഉപയോഗിച്ച് വളരെ ലളിതമായി ആർക്കും ഈ റജിസ്ട്രേഷന്റെ ഭാഗമാകാം. അനുയോജ്യമായ മാച്ച് കണ്ടെത്തിയാൽ, ഒരാൾക്ക് പുതിയൊരു ജീവിതം നൽകാനുള്ള വലിയ അവസരം ഇതിലൂടെ കൈവരുമെന്ന് ജീവകാരുണ്യ സംഘടനകൾ ഓർമ്മിപ്പിക്കുന്നു.

മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയായ റഫിയ ഷെറിൻ ചെറിയ പ്രായത്തിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഗ്രീൻ പാലിയേറ്റീവ് അടക്കം നിരവധി കാരുണ്യ പ്രവർത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. നിർധനരായ കുട്ടികൾക്ക് സൗജന്യമായി ട്യൂഷൻ നൽകിയും റഫിയ ഷെറിൻ സാമൂഹ്യസേവനങ്ങളിലെ നിറസാന്നിധ്യമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *