കണ്ണൂർ: കർക്കടക വാവിനോടനുബന്ധിച്ച് ഇന്ന് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ആയിരക്കണക്കിന് വിശ്വാസികൾ ബലിതർപ്പണം നടത്തും. ക്ഷേത്രങ്ങളോടു ചേർന്നുള്ള സ്‌നാനഘട്ടങ്ങളിലും ബലിതർപ്പണത്തിനായി പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമായിരിക്കും ചടങ്ങുകൾ നടക്കുക. ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇന്നലെ വൈകീട്ടോടെ പൂർത്തിയാക്കി.
തലശ്ശേരി തൃക്കൈ ശിവക്ഷേത്രത്തിന്റെയും തലായി ബാലഗോപാല സേവാകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ തലായി കടപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ നടക്കും. കണ്ണൂർ പയ്യാമ്പലം, തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലും വിപുലമായ ബലിതർപ്പണ ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്.
തലശ്ശേരി ശിവക്ഷേത്രത്തിന്റെയും ജഗന്നാഥ ക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന ബലിതർപ്പണ ചടങ്ങുകളിലും നിരവധി ആളുകൾ പങ്കെടുക്കും. തൃക്കൈ ശിവക്ഷേത്രത്തിന്റെ നേതൃത്വത്തിലുള്ള ബലിതർപ്പണം തലായി കടപ്പുറത്ത് രാവിലെ ആറുമുതൽ പതിനൊന്ന് വരെയാണ് നടക്കുക. ഒരേസമയം ആയിരക്കണക്കിന് പേർക്ക് കർമ്മങ്ങൾ നടത്താനുള്ള സൗകര്യവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജഗന്നാഥ ക്ഷേത്രത്തിൽ രാവിലെ അഞ്ചുമുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ഇതിനോടൊപ്പം തിലഹവനം, പ്രതിമാ സങ്കല്പം, ക്ഷേത്രപിണ്ഡം തുടങ്ങിയ പിതൃകർമ്മങ്ങളും നടക്കും. പാനൂർ അണിയാരം ശിവക്ഷേത്ര ആറാട്ട് ചിറക്കടവിൽ രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ബലിതർപ്പണം നടക്കും. പൂക്കോം പോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിൽ രാവിലെ ആറുമുതൽ ക്ഷേത്ര തീർത്ഥസ്ഥാനമായ മാനസസരോവറിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും. ഇരിട്ടി കീഴൂർ മഹാദേവ-മഹാവിഷ്ണു ക്ഷേത്ര സമിതികളുടെ നേതൃത്വത്തിലും ബലിതർപ്പണ ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്. ബാവലിപ്പുഴക്കരയിൽ പുലർച്ചെ അഞ്ചുമുതൽ ചടങ്ങുകൾ ആരംഭിക്കും.