വാടകവീട് ഇടിച്ചുതകർത്ത സംഭവം; പിന്നിൽ വൻ ആസൂത്രണമെന്ന് എഫ്‌ഐആർ

കൊല്ലം: ചിതറയിൽ വാടക തർക്കത്തെ തുടർന്ന് ഉടമകൾ വീട് ഇടിച്ചു തകർത്ത സംഭവത്തിൽ വാടകക്കാരെ മാറ്റാൻ പ്രതികൾ ആസൂത്രണം നടത്തിയെന്ന് വിവരം. ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ ഉടമകൾ പൊലീസിസിൽ വ്യാജ പരാതി നൽകി. അബ്‌ദുൾ വാഹിദിനെയും സുഹറ ബീവിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയം നോക്കി ജെസിബി കൊണ്ട് വീട് തകർക്കുകയായിരുന്നു.

ദിൽബർ, അൻവർ എന്നീ പ്രതികൾ ചേർന്ന് വ്യാജ പരാതി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടിരുന്നു. അതേസമയം, കിടപ്പാടവും കടയും നഷ്‌ടമായ ദമ്പതികൾ ഇന്നലെ അന്തിയുറങ്ങിയത് തകർന്ന് കെട്ടിടത്തിന് സമീപമാണ്. ഇന്നലെ രാത്രി കല്ലേറ് ഉണ്ടായെന്നും ദമ്പതികൾ പറയുന്നു.

തകർത്ത കെട്ടിടത്തിൽ കഴിഞ്ഞ എട്ട് വർഷമായി താമസിച്ചു വരുകയായിരുന്നു അബ്ദുൾ വാഹിദും ഭാര്യയും. വാടകയ്ക്കെടുക്കുമ്പോഴുണ്ടായിരുന്ന കെട്ടിടത്തിൽ കടമുറിയടക്കം നിർമ്മിച്ചത് താനാണെന്ന് അബ്ദുൾ വാഹിദ് പറയുന്നു. ഒരു വർഷം മുമ്പ് ഉടമ കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടു. കടമുറി നിർമ്മാണത്തിനും അറ്റുകുറ്റപ്പണിക്കും ചെലവിട്ട നാലു ലക്ഷം രൂപ നൽകിയാൽ വീടൊഴിയാമെന്ന് അബ്ദുൾ വാഹിദ് പറഞ്ഞതോടെ തർക്കമായി.ആറുമാസം മുമ്പ് ഉടമ കോടതിയിൽ കേസ് നൽകിയതോടെ അബ്ദുൾ വാഹിദ് വാടക നൽകാതെയായി. ഇതിനിടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനും, വീട്ടിൽ ചാരായം കൊണ്ടുവച്ച് കേസിൽ കുടുക്കാനും ശ്രമിച്ചതായും പരാതിയുണ്ട്. ഫ്രിഡ്‌ജ്, ടിവി, ഫർണിച്ചറുകളടക്കം തകർന്നതിനാൽ നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായതിന് പുറമേ തങ്ങളുടെ വസ്ത്രങ്ങളടക്കം നഷ്ടമായതായി അബ്ദുൾ വാഹിദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *