കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിവുണ്ട് എന്ന പ്രചാരണത്തിന് ബലമേറിയതോടെ കാന്താരിയുടെ ഡിമാൻഡ് അടുത്ത കാലത്തായി ഏറി വരുന്നുണ്ട്. ഒരു സമയത്ത് രക്തം വെള്ളമാക്കുന്ന സ്വഭാവം കാന്താരിക്കുണ്ട് എന്ന ചൊല്ലിന്റെ പ്രചരണം കാന്താരിയുടെ ഉപയോഗത്തിൽ കുറവ് വരുത്തിയിരുന്നു.
ഏതാനും വർഷം മുൻപു വരെ കാന്താരിയുടെ വിത്തുകൾ പക്ഷികള്‍ വഴി പറമ്പിൽ വീണ് സ്വാഭാവികമായി കിളിർത്ത് വളരുകയായിരുന്നു. എന്നാൽ യന്ത്രസഹായത്താലുള്ള കളനിയന്ത്രണവും കളനാശിനി പ്രയോഗവും മേൽവിവരിച്ച തരത്തിൽ വളർന്നു വരുന്ന കാന്താരിത്തൈകളുടെ നാശത്തിനടയാക്കി. കാന്താരി വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കുവാൻ തുടങ്ങിയതോടെ വിത്തിന്റെയും തൈകളുടെയും ആവശ്യം വർധിക്കുകയും ചെയ്തു. ഇന്ന് പച്ചക്കറിത്തൈകൾ തയാറാക്കുന്ന നേഴ്സറികളിൽ പച്ച, വെള്ള, വയലറ്റ് നിറത്തിലുള്ള കാന്താരികൾ ഉണ്ടാകുന്ന തൈകൾ ലഭ്യമാണ്.
സാധാരണ പച്ചമുളകിനേക്കാള്‍ 1–2 വർഷം വരെ കൂടുതൽ ആയുസ്സ് കാന്താരിക്കുണ്ട്. ആവശ്യത്തിനു മാത്രമുള്ള ശുശ്രൂഷ ലഭിച്ചാൽ കാന്താരി 4 വർഷം വരെ വളരുകയും വിളവ് നൽകുന്നതായും കണ്ടിട്ടുണ്ട്. മറ്റു സാധാരണ ഇനങ്ങളുടെ കായകൾ താഴേക്കു വളരുമ്പോൾ കാന്താരിയുടേത് ചെടിയിൽനിന്ന് മുകളിലേക്കാണു വളരുന്നത്.
കാന്താരി ഒരു ബഹുവർഷ വിളയാണ്. പച്ചമുളകിന്റെ ചെടികളെ ആക്രമിക്കുന്ന വെള്ളീച്ച, മണ്ഡരികൾ, ഇലപ്പേനുകൾ, ശൽക്കകീടങ്ങൾ ഇവയുടെ ആക്രമണം കാന്താരിയിലും ഉണ്ടാകുന്നുണ്ട്. ഇവയുടെ നിയന്ത്രണത്തിനും കാന്താരി വിളവെടുപ്പിനും ബഹുവർഷവിളയായി വളരുന്നതിനാലും കാന്താരിച്ചെടികൾ തമ്മിൽ കുറഞ്ഞത് 70 സെ.മീ. എങ്കിലും അകലം ഉണ്ടാകുന്നതും വരികൾ തമ്മിൽ 1.5 മീറ്റർ ദൂരം ഉണ്ടാകുന്നതുമാണ് ഏറ്റവും അനുയോജ്യമായി അനുഭവപ്പെട്ടത്.
പച്ചക്കാന്താരി ആയും പഴുത്ത അവസ്ഥയിലും കാന്താരി മുളക് വിളവെടുക്കാം. വിളവെടുപ്പാണ് കാന്താരിക്കൃഷിയുടെ ഏറ്റവും വലിയ വെല്ലുവിളി. വളരെ ചെറിയ മുളകായതിനാൽ വിളവെടുക്കാൻ സമയനഷ്ടം ഏറെയാണ്. വിളവെടുപ്പിനു ചെടികളുടെ ഇടയിൽ മുറം വച്ചതിനുശേഷം അതിലേക്ക് മുളകുകൾ ഒരു സ്പ്രിംഗ് ഘടിപ്പിച്ചിട്ടുള്ള സിക്കേച്ചർ (കത്രിക) ഉപയോഗിച്ച് മുറിച്ച് ഇടുന്നതാണ് ഏറ്റവും എളുപ്പം. വിളവെടുപ്പ് സമയത്ത് ഒരു പൊക്കം കുറഞ്ഞ സ്റ്റൂളിൽ (25 സെ.മീ– 30 സെ.മീ) ഇരുന്ന് ചെയ്യുന്നത് പുറംവേദന ഉണ്ടാകാതിരിക്കുന്നതിനു സഹായിക്കും.
കീടനിയന്ത്രണം
കാന്താരിയെ ആക്രമിക്കുന്ന വെള്ളീച്ചകളെ മഞ്ഞക്കെണി ഉപയോഗിച്ച് കെണിയിൽപ്പെടുത്തി നിയന്ത്രിക്കാം. ഇലപ്പേനുകൾ മണ്ഡരി, ശൽക്ക കീടങ്ങൾ ഇവയെ നിയന്ത്രിക്കുന്നതിന് ഇലയുടെ അടിയിൽ വീഴത്തക്കവിധത്തിൽ സ്പ്രെയറിന്റെ നോസില്‍ വച്ച് ആദ്യ ദിവസം വേപ്പ് അധിഷ്ഠിത സംയുക്തങ്ങള്‍ സ്പ്രേ ചെയ്യുകയും പിറ്റേ ദിവസം വൈകുന്നേരം വെയില്‍ ആറിയതിനുശേഷം വെർട്ടിസീലിയം 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കിയതിന്റെ തെളി എടുത്ത് ഇലയുടെ അടിയിലും കൂമ്പിലും നന്നായി വീഴത്തക്കവിധം സ്പ്രേ ചെയ്യുക.
ഈ രണ്ടു ദിവസത്തെയും സ്പ്രേ സൊലൂഷനിൽ 4 ലീറ്ററിൽ 1 മില്ലി നോൺ അയോണിക് അഡ്‌ജുവന്റ് നന്നായി ഇളക്കി ചേർത്ത് സ്പ്രേ ചെയ്യുന്നത് ഫലപ്രാപ്തി പതിന്മടങ്ങ് വർധിപ്പിക്കും.
വിളവെടുപ്പ്, സംസ്കരണം
കാന്താരി പച്ചയായി വിളവെടുത്ത് അതുപോലെ തന്നെ മാർക്കറ്റിൽ വിപണനത്തിന് എത്തിക്കുന്നു. പച്ചയ്ക്ക് വിളവെടുക്കുന്നതിനെ ഫ്രീസ് ഡ്രൈയിങ് മുഖേന ഉണക്കിയും ആവി കയറ്റിയും ഉപ്പിലിട്ടും വിൽപന നടത്താറുണ്ട്. പഴുത്ത കാന്താരിമുളകിനെ വറ്റൽ മുളകുപോലെ തന്നെ ഉണക്കി കാന്താരി വറ്റൽ മുളക് ആയും വിൽക്കാൻ കഴിയും. വറ്റൽ കാന്താരി മുളകിന് നല്ല എരിവുണ്ടാകും, അതുകൊണ്ടുതന്നെ നല്ല എരിവുള്ള കറിക്ക് 4 എണ്ണം മതിയാകും.