‘മിഷൻ കട്ടുപൂച്ചൻ’ സിനിമാക്കഥകളെ വെല്ലുന്ന ത്രില്ലർ

ആലപ്പുഴ ∙ കുറുവ സംഘം മണ്ണഞ്ചേരിയിൽ നടത്തിയ 3 മോഷണങ്ങൾ സംബന്ധിച്ച കേസുകളിൽ ഒന്നിൽ പ്രതി തമിഴ്നാട് തേനി കാമാച്ചിപുരം സന്തൻ മാരിയമ്മൻ കോവിൽ സ്ട്രീറ്റ് സന്തോഷ് ശെൽവത്തിനു (25) കോടതി തടവും പിഴയും വിധിച്ചു. ഭവനഭേദനത്തിനും മോഷണത്തിനും 2 വർഷം വീതം തടവും 10,000 രൂപ വീതം പിഴയുമാണു ശിക്ഷ. വാദിയായ മണ്ണഞ്ചേരി നായ്ക്കംവെളിയിൽ ജയന്തിക്ക് 5000 രൂപ നഷ്ടപരിഹാരമായും നൽകണം.കൂട്ടുപ്രതി തമിഴ്നാട് രാമനാഥപുരം പരമക്കുടി എംജിആർ നഗർ സ്വദേശി കട്ടുപൂച്ചനെ (56) വിട്ടയച്ചു. ഇരുവരും പ്രതികളായ മറ്റൊരു കേസിലും സന്തോഷ് മാത്രം പ്രതിയായ കേസിലും 27ന് വിധി പറയും. ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി (2) ജഡ്ജി ശീതൾ ശശിധരനാണു വിധി പ്രസ്താവിച്ചത്. അറസ്റ്റിലായി 2024 നവംബർ 17 മുതൽ സന്തോഷ് ജയിലിലാണ്. ഈ കാലം ശിക്ഷയിൽ ഇളവു ചെയ്യുമെന്നതിനാൽ ഇനി ഏതാനും മാസം കൂടി തടവ് അനുഭവിച്ചാൽ മതി. വിധിക്കെതിരെ ഇന്നു ജില്ലാ കോടതിയിൽ അപ്പീൽ നൽകുമെന്നു സന്തോഷിന്റെ അഭിഭാഷകൻ അഭിലാഷ് സി.സോമൻ പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി കെ.കെ.നാഗേശ്വരിയും കട്ടുപൂച്ചനു വേണ്ടി ടി.ടി.സുധീഷും ഹാജരായി.

പൊലീസിന്  വീഴ്ചയെന്ന് വാദം
കട്ടുപൂച്ചനെ പിടികൂടിയതുമായി ബന്ധപ്പെട്ടു പൊലീസ് പല നടപടിക്രമങ്ങളും പാലിച്ചില്ലെന്നു പ്രതിഭാഗം വാദിച്ചു. ഇയാളെ പിടികൂടിയതു തമിഴ്നാട് രാമനാഥപുരത്തു നിന്നാണ്. തൊട്ടടുത്തുള്ള മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങിയ ശേഷമേ നാട്ടിലെത്തിക്കാവൂ എന്ന വ്യവസ്ഥ പാലിച്ചില്ല. മുഖം മറയ്ക്കാതെയാണു പ്രതിയെ കൊണ്ടുവന്നത്. ഇതു തിരിച്ചറിയൽ നടപടികൾക്കു സഹായകമല്ല. ജയന്തിയുടെ മോഷണം പോയ സ്വർണമാല കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

സിനിമാക്കഥകളെ വെല്ലുന്ന ത്രില്ലർ സംഭവങ്ങളാണു സന്തോഷിനെയും കട്ടുപൂച്ചനെയും പിടികൂടിയ പൊലീസ് സംഘത്തിലുള്ളവർ അന്നു പറഞ്ഞത്. സന്തോഷിനെ കൊച്ചി കുണ്ടന്നൂർ മേൽപാലത്തിനടിയിൽനിന്നു സാഹസികമായാണു പിടികൂടിയത്. കട്ടുപൂച്ചനെ സ്വന്തം നാടായ രാമനാഥപുരത്തുനിന്നും. കുറുവ സംഘത്തെ ഒതുക്കാൻ അന്നത്തെ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ ‘ആന്റി കുറുവ സ്ക്വാഡ്’ തന്നെ രൂപീകരിച്ചിരുന്നു.

 

ആദ്യം പിടിയിലായതു സന്തോഷാണ്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു കട്ടുപൂച്ചന്റെ വിവരം കിട്ടിയത്. നെഞ്ചിൽ പച്ചകുത്തിയിരുന്നതു സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതാണു പ്രതി സന്തോഷിനെതിരായ നിർണായക തെളിവായത്. ഭാര്യ ജ്യോതിയുടെ പേരാണു പച്ച കുത്തിയിരുന്നത്. പൊലീസ് വേഷം മാറി 4 ദിവസം കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്നവരെ നിരീക്ഷിച്ചിരുന്നു. സന്തോഷിനെ പിടികൂടിയതോടെ സംഘത്തിലെ സ്ത്രീകൾ ബഹളമുണ്ടാക്കി പൊലീസിനെ വളഞ്ഞു.

 

ഇതിനിടെ തവളച്ചാട്ടം ചാടി സന്തോഷ് അടുത്തുള്ള തോട്ടിലേക്ക് ഊളിയിട്ടു. ഏറെ നേരം വെള്ളത്തിൽ, ചെടികൾക്കിടയിൽ മറഞ്ഞിരുന്ന ഇയാളെ പിന്നീടു പിടികൂടി. മൂന്നു തവണ അന്വേഷിച്ചു പോയിട്ടും കട്ടുപൂച്ചനെ പിടിക്കാൻ കഴിയാഞ്ഞതിനാൽ ‘മിഷൻ കട്ടുപൂച്ചൻ’ എന്ന പ്രത്യേക സംഘമുണ്ടാക്കിയാണു നാലാം തവണ കുടുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *