കൊച്ചി: എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി വിജീഷിന്റെ മകൾ പാർവതിയാണ് മരിച്ചത്. മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിൽ മനംനൊന്ത് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടിൽ ഉപയോഗത്തിനായി വച്ചിരുന്ന മൊബൈൽ ഫോണിലേയ്ക്ക് കുട്ടിയുടെ അച്ഛൻ വിളിച്ചിരുന്നു. ഈ സമയം ഫോൺ എൻഗേജ്ഡ് ആയിരുന്നു. തുടർന്ന് കുട്ടിയെ മാതാപിതാക്കൾ ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ ഉപയോഗം വിലക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൂങ്ങിനിൽക്കുന്നതുകണ്ട കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുന്നുകര ക്രിസ്തുരാജ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പാർവതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.