അബുദാബി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്നവർ യാത്രയ്‌ക്ക് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദേശം. പല സ്ഥലങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കുകയും ചില സർവീസുകളിൽ മാറ്റം വരുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. എന്നാൽ, മുഴുവൻ സർവീസുകൾക്കും ഇത് ബാധകമല്ല. യുഎഇ വിമാനത്താവളങ്ങളിൽ വേനൽക്കാല യാത്രാ സീസണിലെ ഏറ്റവും തിരക്കേറിയ സീസണിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാർക്കുള്ള നിർദേശം നൽകിയിരിക്കുന്നത്.
ഓണം, സ്വാതന്ത്ര്യദിനം തുടങ്ങിയ ആഘോഷങ്ങൾക്കായി പലരും നാട്ടിലേക്ക് പോകുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ തിരക്ക് വർദ്ധിക്കുകയാണ്. അതിനാൽ, വിമാനത്താവളത്തിലെ സുരക്ഷാ നടപടികൾ പൂർത്തിയാക്കുന്നതിന് അധിക സമയം വേണ്ടിവരുമെന്ന് വിമാനക്കമ്പനികളും വിമാനത്താവള അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു. കൂടാതെ, ഡൽഹി, മുംബയ്, ബംഗളൂരു, കൊച്ചി,തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർ നേരത്തേ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.