
അറ്റ്ലാന്റ: ഡിആര്‍ കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മത്സരത്തിന്റെ 74ാം മിനിറ്റ് വരെ പിന്നില്‍ നിന്ന ശേഷമാണ് ത്രീ ലയണ്‍സിന്റെ ഗംഭീര തിരിച്ചുവരവിന് അറ്റ്ലാന്റ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ കാണികള്‍ സാക്ഷ്യം വഹിച്ചത്. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ആണ് ഇംഗ്ലണ്ടിനായി രണ്ട് ഗോളുകളും അടിച്ചത്. യുവതാരം അന്തോണി ഗോര്‍ഡോണിന്റെ മികച്ച നീക്കങ്ങളാണ് രണ്ട് ഗോളുകള്‍ക്കും വഴിവച്ചത്.
എഴാം മിനിറ്റില്‍ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡിനെ മറികടന്ന് ബ്രയാന്‍ സിപ്പെംഗയാണ് ഡി.ആര്‍ കോംഗോയ്ക്കായി വലകുലുക്കിയത്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റം പ്രതീക്ഷിച്ച ആരാധകരും ഇംഗ്ലീഷ് ക്യാമ്പും ഞെട്ടുകയായിരുന്നു. ഗോള്‍ വീണതോടെ വര്‍ദ്ധിത വീര്യമാണ് ഡിആര്‍ കോംഗോ താരങ്ങള്‍ കളത്തില്‍ പുറത്തെടുത്തത്. ഒടുവില്‍ 74ാം മിനിറ്റില്‍ ഇംഗ്ലണ്ട് കാത്തിരുന്ന നിമിഷമെത്തി. അന്തോണി ഗോര്‍ഡോണ്‍ നല്‍കിയ ക്രോസ് തകര്‍പ്പനൊരു ഹെഡറിലൂടെ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ വലയിലെത്തിക്കുകയായിരുന്നു.
12 മിനിറ്റുകള്‍ക്ക് ശേഷം 86ാം മിനിറ്റില്‍ തകര്‍പ്പന്‍ ഒരു ഷൂട്ടിലൂടെ കെയ്ന്‍ രണ്ടാം ഗോളും ഇംഗ്ലണ്ടിന്റെ വിജയവും ഉറപ്പിക്കുകയായിരുന്നു. മത്സരത്തിലേക്ക് വന്നാല്‍ മികവുറ്റ പ്രകടനമാണ് ശക്തരായ ഇംഗ്ലണ്ടിനെതിരെ ഡിആര്‍ കോംഗോ പുറത്തെടുത്തത്. മികച്ച പ്രതിരോധവും മിന്നല്‍ വേഗത്തിലുള്ള പ്രത്യാക്രമണവുമാണ് ആഫ്രിക്കന്‍ ടീം പുറത്തെടുത്തത്.
മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ഗോള്‍കീപ്പര്‍ ലയണല്‍ എംപാസി തട്ടിയകറ്റിയത്. 45ാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗാമിന്റെ ഷാര്‍പ്പ് ഹെഡര്‍ എംപാസി ഒറ്റകയ്യന്‍ സേവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യ പകുതിയില്‍ 42ാം മിനിറ്റില്‍ ലീഡ് വര്‍ദ്ധിപ്പിക്കാനുള്ള സുവര്‍ണാവസരം കോംഗോ താരം വിസ്സ പാഴാക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ പിക്ഫോര്‍ഡ് മാത്രം മുന്നില്‍ നില്‍ക്കെ പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു താരത്തിന്റെ ഷോട്ട്.