ന്യൂഡൽഹി/തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് കോൺഗ്രസ് ഭരിക്കുന്ന കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ‘വന്ദേമാതരം’ പൂർണമായി ആലപിച്ചു. എന്നാൽ കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത യു.ഡി.എഫ് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഗാനം ആലപിച്ചില്ല.
സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്നതിന് മുമ്പ് ‘വന്ദേമാതരം’ പൂർണമായി ആലപിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശം. കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സർക്കാരുകൾ ഇത് പാലിച്ചു.ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖുവും തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുത്ത ഔദ്യോഗിക ചടങ്ങുകളിലും ‘വന്ദേമാതരം’ പൂർണമായി ആലപിച്ചു.
കർണാടകയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷം. ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ പതാക ഉയർത്തുന്നതിന് തൊട്ടുമുമ്പ് ‘വന്ദേമാതരം’ പൂർണമായി ആലപിച്ച ശേഷമാണ് മറ്റ് ഔദ്യോഗിക പരിപാടികളിലേക്ക് കടന്നത്.