ക്ഷേത്രത്തിന് മുന്നില്‍ ചെരിപ്പ് കാണാനില്ലേ? രക്ഷയ്ക്ക് ചാറ്റ്ജിപിടിയുണ്ട്

മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജൈൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഗോവ സ്വദേശിയായ യുവാവിന് തന്റെ ചെരിപ്പ് നഷ്ടപ്പെട്ടതിനെ തുടർന്ന് എഐ സാങ്കേതികവിദ്യയുടെ സഹായം തേടേണ്ടിവന്ന വ്യത്യസ്തമായ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ക്ഷേത്രത്തിന് പുറത്തെ വലിയ ചെരിപ്പ് സ്റ്റാൻഡിൽ നൂറുകണക്കിന് ജോടി ചെരിപ്പുകൾക്കിടയിൽ തന്റെ ചെരിപ്പ് എവിടെയാണെന്ന് കണ്ടെത്താനാവാതെ യുവാവ് കുഴങ്ങിയിരുന്നു. ഒടുവിൽ പരമ്പരാഗതമായ തെരച്ചിലുകൾക്ക് പകരം അദ്ദേഹം കൃത്രിമ ബുദ്ധിയായ ചാറ്റ്ജിപിടിയുടെ സഹായം തേടുകയായിരുന്നു.

ഷുഭാംഗ് ബോർക്കർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ കൗതുകകരമായ അനുഭവം പങ്കുവെച്ചത്. ചെരിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന്റെ വീഡിയോയും തന്റെ ചെരിപ്പിന്റെ ചിത്രവും അദ്ദേഹം ചാറ്റ്ജിപിടിയിൽ അപ്‌ലോഡ് ചെയ്തു. താൻ ഉജ്ജൈൻ മഹാകാൽ ക്ഷേത്രത്തിലാണെന്നും, ഇവിടെ വെച്ച് തന്റെ ചെരിപ്പ് നഷ്ടപ്പെട്ടെന്നും അദ്ദേഹം എഐയോട് വിശദീകരിച്ചു. തുടർന്ന് ചുറ്റുമുള്ള ഷൂ റാക്കുകളുടെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം ചാറ്റ്ജിപിടിക്ക് അയച്ചുകൊണ്ടിരുന്നു.

ചിത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ച ചാറ്റ്ജിപിടി, സ്റ്റാൻഡിൽ ചെരിപ്പ് കിടക്കുന്ന കൃത്യമായ സ്ഥലം യുവാവിന് ചൂണ്ടിക്കാണിച്ചു നൽകി. റാക്കിന്റെ വലതുവശത്ത്, മധ്യഭാഗത്തായി തന്റെ ചെരിപ്പ് കണ്ടെത്താൻ ചാറ്റ്ജിപിടി നിർദ്ദേശിച്ചതനുസരിച്ച് നോക്കിയ യുവാവ്ഭ്രമിപ്പിക്കുന്ന യാഥാർത്ഥ്യമാണ് കണ്ടത്. കൃത്യമായി ആ സ്ഥലത്ത് തന്റെ ചെരിപ്പ് തന്നെ ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് മികച്ചൊരു ടീം വർക്ക് ആണ് നടത്തിയതെന്ന് തമാശയായി ചാറ്റ്ജിപിടിയോട് പറയുകയും ചെയ്തു.

ദൈനംദിന ജീവിതത്തിലെ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും എഐ എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണമായാണ് ഈ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് ഈ വ്യത്യസ്തമായ കണ്ടുപിടുത്തത്തെ കൗതുകത്തോടെയും തമാശയോടെയും നോക്കിക്കണ്ടത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ നഷ്ടപ്പെട്ട ചെരിപ്പ് എളുപ്പത്തിൽ കണ്ടെത്തിയ ഈ സംഭവം ഇപ്പോൾ ഇന്റർനെറ്റിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *