ഇത്രയ്ക്ക് സംസ്‌കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ?’; വിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ. മെൻസ് അസോസിയേഷൻ ഭാരവാഹികളിൽ നിന്നുണ്ടായ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിമർശനം. ഇത്രയ്ക്ക് സംസ്‌കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികളെന്ന് മന്ത്രി ചോദിച്ചു. ഒരു സംഘടനയുടെ ഭാരവാഹികളാകാൻ കുറഞ്ഞപക്ഷം സംസ്‌കാരമെങ്കിലും വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന വനിതാ സംഗമത്തിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങൾ ആരും പുരുഷന്മാർക്ക് എതിരല്ല. സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന ഇത്തരം ആളുകളെ സ്ഥാനത്ത് ഇരുത്തണോ എന്ന് സംഘടനയിലെ ആത്മാഭിമാനമുള്ള പുരുഷന്മാർ ആലോചിക്കണം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് അർദ്ധരാത്രിയിലാണെങ്കിലും 79 വർഷങ്ങൾക്കിപ്പുറം രാത്രികൾ സ്ത്രീകൾക്ക് അന്യമായി പോകുന്ന സാഹചര്യമാണുള്ളത്. ഭയമില്ലാതെ പകലെന്നോ, രാത്രിയെന്നോ ഇല്ലാതെ പൊതുയിടങ്ങളിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഇപ്പോഴും പൂർണമായും ലഭ്യമായിട്ടില്ല’- മന്ത്രി പറഞ്ഞു.

ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെയാണ് മന്ത്രി പ്രതികരിച്ചത്. വനിതാ സംഗമത്തിനെതിരെയായിരുന്നു അജിത് കുമാറിന്റെ പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *