ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും രേഖപ്പെടുത്തുക. ഘട്ടംഘട്ടമായി ആയിരിക്കും പേരുമാറ്റം നടപ്പാക്കുക.
പേരു മാറുമ്പോൾ ’ഗവൺമെന്റ് ഒഫ് കേരളം” എന്ന് ഇഗ്ലീഷിലും മലയാളത്തിൽ ’കേരളം സർക്കാർ” എന്നും മാറ്റണം. കേരള നിയമസഭ കേരളം നിയമസഭ എന്നാവും. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസുകൾ വരെയുള്ള സർക്കാർ ഓഫീസുകളുടെ ബോർഡുകൾ, മുദ്രകൾ, ലെറ്റർപാഡുകൾ, വെബ്സൈറ്റുകൾ, ആപ്പുകൾ, ലോഗോകൾ എന്നിവയെല്ലാം മാറ്റേണ്ടിവരും.സർട്ടിഫിക്കറ്റുകൾ, ഗസറ്റുകൾ, റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ എന്നിവയെല്ലാം പുതിയ പേരിൽ അച്ചടിക്കേണ്ടി വരും. പൊതുമേഖല സ്ഥാപനങ്ങളുടെയും ബോർഡ്- കോർപ്പറേഷനുകളുടെയും പേര് മാറും. പി.എസ്.സിയുടെ പേരിനൊപ്പം കേരളം ചേർക്കും. കമ്മിഷനുകളുടെയും ക്ഷേമനിധികളുടെയുമെല്ലാം പേരും മാറും.