തിരുവനന്തപുരം: ഭാരതത്തിന്റെ ഗ്രാമീണ മേഖലകളിലെ സ്ത്രീകളുടെ സ്വപ്നത്തിന് നിറം പകർന്ന ഡോ.എം.എ.ഫറാ ഫീഡ് ഇന്ത്യ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. ഗ്രാമങ്ങളുടെ സ്ത്രീ ശാക്തീകരണത്തിന്റെ വെളിച്ചമായ ഫറാ വിദ്യാഭ്യാസ – ആരോഗ്യ- സ്വയം ശാക്തികരണ രംഗത്ത് വൻ ഇടപെടലാണ് നടത്തിയതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കേരളത്തിലെ അടിസ്ഥാന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശന് കത്ത് നൽകിയതിലൂടെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ രാജ്യത്താകെ വ്യാപിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫറാ ഫീഡ് ഇന്ത്യ ഫൗണ്ടേഷൻ . പ്രഗത്ഭയായ അധ്യാപിക, അഭിഭാഷക , 2021ലെ മിസിസ് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പ് ആയും ഫറ ശ്രദ്ധേയയാണ്.
തെലുങ്കാനയിലെ ഖമ്മം ജില്ലയിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച ഫറാ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ് മുന്നേറിയത്. തയ്യൽക്കാ രനായ പിതാവിന്റെ തുച്ഛമായ വരുമാനം മാത്രമായിരുന്നു ഫറായുടെയും കുടുംബത്തിന്റെയും ജീവിതമാർഗം.നാല് പെൺമക്കളിൽ മൂത്തവളായിരുന്നു. കുടുംബ പരാധീനതകളും സാമൂഹിക പശ്ചാത്തലവും മനസ്സിലാക്കിയ ഇവർ തന്റെയും കുടുംബത്തിന്റെയും വളർച്ചയ്ക്കും സുരക്ഷിതത്വത്തിനുമുള്ള ഏക ഉപാധി വിദ്യാഭ്യാസം മാത്രമാണെന്ന് തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു.
പ്രാദേശിക ഭാഷയായ തെലുങ്കിൽ വിദ്യാഭ്യാസം ആരംഭിച്ച ഫറാ പിന്നീട് ലോകഭാഷയായ ഇംഗ്ലീഷിലേക്ക് മാറ്റി. പത്തൊൻപതാം വയസ്സിൽ ഇന്റർമീഡിയറ്റ് വിജയിച്ചതോടെ അവരുടെ ജീവിതം പുതിയ ഘട്ടത്തിലേക്ക് കടന്നു. പരമ്പരാഗത രീതിയനുസരിച്ച് തന്നെ ചെറിയ പ്രായത്തിൽ വിവാഹിതയായ ഇവർ , പക്ഷേ വിദ്യാഭ്യാസം നേടാനുള്ള ത്വര ഉപേക്ഷിച്ചില്ല.കുഞ്ഞ് ജനിച്ചതോടെ ഭതൃ വീട്ടുകാർ തുടർ വിദ്യാഭ്യാസത്തിനോട് താൽപര്യം പ്രകടിപ്പിക്കാതെയായി.എന്നാൽ മാതൃത്വത്തിന്റെ മഹനീയത ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ അവൾതന്റെ തുടർപഠനം ഉറപ്പാക്കി.
ജീവിതചെലവ് വർദ്ധിച്ചതോടെ അത് മറികടക്കാനായി തന്റെ പക്കലുള്ള വിദ്യാഭ്യാസം അടിസ്ഥാനമാക്കി ഫറാ പുതിയ പദ്ധതിക്ക് രൂപംകൊടുത്തു. നാട്ടിലെ കൊച്ചുകുട്ടികൾക്ക് ട്യൂഷൻ നൽകി ചെറിയതോതിൽ വരുമാനം കണ്ടെത്തി. പഠിപ്പിച്ച വിദ്യാർത്ഥികൾ മികച്ച വിജയം നേടിത്തുടങ്ങിയതോടെ ട്യൂഷൻ അധ്യാപിക എന്ന നിലയിൽ അവർ ഗ്രാമത്തിൽ പ്രസിദ്ധയായി. നിയമപഠനം പൂർത്തിയാക്കിയ തോടെ കഠിനപ്രയത്നത്തിലൂടെ നേടിയെടുത്ത അഭിഭാഷക എന്ന സ്ഥാനം സാധാരണ സ്ത്രീകളുടെ ഉന്നമനത്തിനും അവരുടെ ശാക്തീകരണ പ്രവർത്തനങ്ങൾക്കുമായി നീക്കിവെക്കാൻ തീരുമാനിച്ചു.
പിന്നീട് സൗന്ദര്യമത്സരത്തിൽ ഫറാ പങ്കെടുക്കുമ്പോൾ സ്ത്രീകളുടെ ആത്മവിശ്വാസം ഉയരണമെങ്കിൽ സ്വയം വിശ്വാസവും ഉയർത്തേ ണ്ടതുണ്ടെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. മുൻവിധിയോടെയുള്ള യാഥാസ്ഥിതിക സ്ഥിരംസങ്കൽപ്പങ്ങളെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു ഈ തീരുമാനം.2021ലെ മിസ്സിസ് ഇന്ത്യ മത്സരത്തിൽ റണ്ണറപ്പായി നേട്ടം കൊയ്താണ് ഫറാ ഇതിനു മറുപടി നൽകിയത്.സൗന്ദര്യ മത്സര ലോകത്തെ ഈ ദേശീയ അംഗീകാര ത്തിന് മുൻപ് 2020 ൽ ഇന്ത്യാ ഫോട്ടോ ജനിക് മത്സരത്തിൽ ഫറാ കിരീടം നേടിയിരുന്നു.
പരമ്പരാഗത യാഥാസ്ഥിതിക സ്ഥിരംസങ്കല്പങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഫറായുടെ യാത്രയിൽ ഒട്ടനവധി ദേശീയ-അന്തർ ദേശീയ അംഗീകാരങ്ങൾ അവരെ തേടിയെത്തി. സ്ത്രീശക്തി അവാർഡ്, ഓൾ ഇന്ത്യ വനിതാ അച്ചീവർ അവാർഡ്,2022ലെ നാരീ ശക്തി അവാർഡ്, 2023ലെ യു എ ഇ ഇന്റർ നാഷണൽ അവാർഡ്, ഫോക്സ് സ്റ്റോറിയുടെ ഇന്ത്യയിലെ ഏറ്റവും ശക്തരായ 50 വനിതകളിൽ ഒരാളെന്ന അംഗീകാരം എന്നിങ്ങനെ നീളുന്നു.
ഒരു വ്യക്തിക്ക് ലഭിക്കുന്ന അംഗീകാരമല്ല, അവർ മറ്റുള്ളവർക്ക് നേടിക്കൊടുക്കുന്ന അവസരങ്ങളിലാണ് യഥാർത്ഥ വിജയം നിലകൊള്ളുന്നതെന്ന് ഫറാ അഭിപ്രായപ്പെടുന്നു. സ്വന്തം ശക്തിയിലും കഴിവിലും വിശ്വാസമർപ്പിച്ചു പ്രയത്നിച്ചാൽ ഏത് വിജയവും കൈപ്പിടിയിൽ ഒതുക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.