നാല് മാസത്തിനിടെ 22പേർക്ക് തൂക്കുകയർ വിധിച്ചു; ജഡ്‌ജി രവികുമാറിന്റെ കോടതിയിൽ നിന്ന് 100 കേസുകൾ തിരിച്ചുവിളിച്ചു

ലക്‌നൗ: ഇന്ത്യയിൽ പ്രതികൾക്കുള്ള പരമാവധി ശിക്ഷയാണ് വധശിക്ഷ. അതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ ഇത്തരത്തിൽ വധശിക്ഷ വിധിക്കുകയുള്ളു. എന്നാൽ, പ്രതികൾക്കെല്ലാം വധശിക്ഷ വിധിച്ച് അടുത്തിടെ ഒരു ജഡ്‌ജി വാർത്തകളിൽ ഇടംനേടിയിരുന്നു. മുസാഫർനഗർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജിയായ രവികുമാർ ദിവാകറാണത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കോടതിയിൽ നിന്ന് 100 കൊലപാതക കേസുകൾ മാറ്റിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.

കഴിഞ്ഞ നാല് മാസത്തിനിടെ പത്ത് കേസുകളിലായി 22 വധശിക്ഷകളാണ് രവികുമാർ വിധിച്ചത്. മേൽക്കോടതി അഡ്‌മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെയാണ് ഇപ്പോൾ 100 കേസുകൾ മാറ്റിയത്. പരമാവധി ശിക്ഷയായി വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളാണ് മാറ്റിയത്. കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഭരണപരമായ ഉത്തരവിലൂടെയാണ് ജില്ലാ സെഷൻസ് ജഡ്‌ജി വീരേന്ദ്ര കുമാർ സിംഗ് കേസുകൾ സ്വന്തം കോടതിയിലേക്ക് തിരിച്ചുവിളിച്ചത്.

രവികുമാർ പ്രതികൾക്കെല്ലാം വധശിക്ഷ നൽകുന്നതിൽ അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും ആശങ്ക പങ്കുവച്ചതായി ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് ത്യാഗി പറഞ്ഞു. മുസാഫർനഗറിൽ ചുമതലയേൽക്കുന്നതിന് മുമ്പ് ബറേലിയിലെ കോടതിയിൽ വച്ച് 13 വധശിക്ഷകളാണ് വിധിച്ചത്. ആകെ 35പേർക്കാണ് രവികുമാർ വധശിക്ഷ വിധിച്ചത്.

മുസാഫർ നഗറിൽ നിയമിതനായ ശേഷം ഏപ്രിൽ ആറിനാണ് രവികുമാർ ആദ്യ വധശിക്ഷ വിധിച്ചത്. അഭിഭാഷകന്റെ കൊലപാതകത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്കായിരുന്നു വധശിക്ഷ വിധിച്ചത്. പിന്നാലെ ഏപ്രിൽ 28ന് മറ്റൊരു കൊലക്കേസിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വധശിക്ഷ വിധിച്ചു. ഇത്തരത്തിൽ വധശിക്ഷ വിധിക്കുന്നതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. സെഷൻസ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷകൾ ഹൈക്കോടതി അംഗീകരിച്ചാൽ മാത്രമേ നടപ്പിലാക്കാൻ കഴിയുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *